സ്വകാര്യ ഡിക്‌റ്റടീവാണെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം തട്ടിയെടുത്തതിന് അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശിയെ അണക്കരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി






കുമളി: സ്വകാര്യ ഡിക്‌റ്റടീവാണെന്ന് വിശ്വസിപ്പിച്ച്  25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മൂവാറ്റുപുഴ ഓടക്കാലി സ്വദേശി പി.എസ്. സുദർശനനെ കുമളി അണക്കരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തട്ടിപ്പിനു ശേഷം ഇയാൾ അണക്കരയിൽ താമസിച്ചിരുന്നു. 

റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് അണക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു. വ്യാജ നാപ്‌റ്റോൾ സ്‌ക്രാച്ച് കാർഡ് വഴി എട്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയുടെ പണം തിരികെ വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ സുദർശനൻ.

സ്വകാര്യ ഡിറ്റക്റ്റീവ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി വ്യത്യസ്ത സിം കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപെട്ട പണം തിരികെ വാങ്ങി നൽകുന്ന ആൾ ആണെന്നും ഇത്തരത്തിൽ നിരവധി ആളുകൾക്ക് പണം തിരികെ വാങ്ങി നൽകി എന്നും വിശ്വസിപ്പിച്ചിരുന്നു.

സർക്കാർ സർവീസിൽനിന്ന്‌ റിട്ടയർ ആയവരെയും മറ്റും ലക്ഷ്യമാക്കി പ്രവത്തിക്കുന്ന പ്രതി ഈ കേസിലെ ഇരയെ വിവിധ ഫോൺ നമ്പരിൽനിന്ന് വിവിധ ശബ്ദത്തിൽ വിളിച്ച് റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ആണെന്നും എസ്.ബി.ഐ. ഉദ്യോഗസ്ഥൻ ആണെന്നുംമറ്റും പറഞ്ഞ് വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ കൂടെ വേറെ ആളുകൾ ഉണ്ടോ എന്നതിനെപ്പറ്റിയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മൂന്നുമാസത്തോളമായി അണക്കരയിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരുകയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരൻ എന്ന വ്യാജേന ആർഭാടജീവിതം നയിച്ച് ഒളിച്ചുകഴിയുന്നതിനിടെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ  പ്രതിയെ അണക്കരയിലെ വാടകവീട്ടിൽനിന്ന് പിടികൂടിയത്.  ഇയാൾ ഉപയോഗിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
أحدث أقدم