വലതുകൈ കൊണ്ട് ഫൈനും ഇടതുകൈ കൊണ്ട് കിറ്റും; സര്‍ക്കാരിനെതിരെ പ്രതിപക്ഷം





തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി രൂക്ഷമായത് സര്‍ക്കാരിന്റെ വീഴ്ചയെന്ന് പ്രതിപക്ഷം നിയമസഭയില്‍. അശാസ്ത്രീയമായ അടച്ചിടല്‍ അടക്കം സര്‍ക്കാര്‍ നയങ്ങള്‍ പൂര്‍ണ പരാജയമാണ്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും ജനജീവിതത്തിലെ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ജനങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും, ഇങ്ങനെ പോയാല്‍ കേരളം പട്ടിണിയിലേക്ക് നീങ്ങുമെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു

ഒരു കാലത്ത് രാജ്യത്തിന് മാതൃകയായിരുന്നു കേരളമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേരളത്തിലുമാണ്. സര്‍ക്കാര്‍ വലതു കൈ കൊണ്ട് ഫൈനും ഇടതു കൈകൊണ്ട് കിറ്റും നല്‍കുന്നു. ഇതെന്ത് നയമാണ്. ബവ്‌കോയിലേതുപോലെ മറ്റിടങ്ങളിലും സമയം കൂട്ടി നല്‍കാത്തതെന്താണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കോവിഡ് പ്രതിരോധത്തിൽ കേരളം പൊളിഞ്ഞു പാളീസായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

കിറ്റിനൊപ്പം ജനങ്ങള്‍ക്ക് പണവും നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പൊലീസും വാഹനവകുപ്പും തോന്നിയ പോലെ പിഴ വാങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് വട്ടിപ്പലിശക്കാര്‍ പിടിമുറുക്കുന്നു. ചെറുകിട മേഖല തകര്‍ച്ചയിലാണ്. ഇവരുടെ കാര്യം പറയാന്‍ ആരുണ്ടെന്ന് സതീശന്‍ ചോദിച്ചു. 

കടകള്‍ തുറക്കുന്നതില്‍ മുഖ്യമന്ത്രി കോമണ്‍സെന്‍സ് ഉപയോഗിക്കണം. അണികള്‍ ദൈവമാക്കി എന്നുവെച്ച് മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനല്ല. ഏതു ദൈവമായാലും അഭിപ്രായം പറയും. വിമര്‍ശിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. നിയന്ത്രണങ്ങള്‍ ഒഴിവാക്കാറായിട്ടില്ല. നിയന്ത്രണങ്ങളില്‍ തെറ്റില്ലെന്ന് ദേശീയ തലത്തിലെ വിദഗ്ധരും പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ വാക്‌സിന്‍ ക്ഷാമം ഉണ്ട്. കേരളത്തില്‍ പത്തുലക്ഷം ഡോസ് വാക്‌സിന്‍ കെട്ടിക്കിടക്കുന്നു എന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞത് തെറ്റാണ്. 

കേരള സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പ്രതിപക്ഷം കാണുന്നില്ല. കേരളം ഏറ്റവും മോശമെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. ജനങ്ങള്‍ക്ക് പട്ടിണി ഉണ്ടാകാതിരിക്കാനാണ് കിറ്റ് നല്‍കുന്നത്. മരുന്നുകള്‍ ഉറപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റിനെ പ്രതിപക്ഷം എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
أحدث أقدم