ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം കോവിൻ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ




ന്യൂഡൽഹി : കൊറോണ പ്രതിരോധത്തിനുളള ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം കോവിൻ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ. കോവിൻ ആപ്പ് ഓപ്പൺ സോഴ്‌സ് ആക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചത്. 

ക്രൊയേഷ്യ, സിയെറ ലിയോൺ, മാലിദ്വീപ്, മലാവി, ഗയാന എന്നീ രാജ്യങ്ങളാണ് മുന്നോട്ട് വന്നിരിക്കുന്നത് എന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.

കോവിൻ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ച രാജ്യങ്ങൾക്ക് പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താൻ പ്രാപ്തമാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ദേശീയ ആരോഗ്യ അതോറിറ്റിയുമായി (എൻഎച്ച്എ) ചേർന്ന് പ്രവർത്തിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

കൊറോണ മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അതിന് രാജ്യത്തിന്റെ സാങ്കേതിക വിദ്യ പങ്കുവെയ്ക്കാൻ തയ്യാറാണെന്നും കോവിൻ ഗ്ലോബൽ കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഒരു രാജ്യത്തിനും ഒറ്റയ്ക്ക് നിന്ന് പോരാടാൻ സാധിക്കില്ലെന്നും മോദി പറഞ്ഞു.

നേരത്തെ കോവിൻ ആപ്പിൽ താത്പര്യം പ്രകടിപ്പിച്ച് 50 ഓളം രാജ്യങ്ങൾ മുന്നോട്ട് വന്നതായി കൊറോണ വാക്‌സിനേഷൻ എംപവേർഡ് ഗ്രൂപ്പ് ചെയർമാൻ ഡോ. ആർ എസ് ശർമ്മ പറഞ്ഞിരുന്നു. കാനഡ, മെക്‌സിക്കോ, പനാമ, പെറു, അസർബൈജാൻ, യൂക്രെയിൻ, നൈജീരിയ, ഉഗാണ്ട ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഉപയോഗിക്കാൻ താത്പര്യം അറിയിച്ചത്. 

കൊറോണ വാക്‌സിനേഷൻ പ്രോഗ്രാമുകൾക്കായി ഇറാഖ്, വിയറ്റനാം, ഡൊമിനിക്കൻ റിപ്പബ്ലിക്, യുഎഇ എന്നീ രാജ്യങ്ങളും ആപ്പ് ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

താൽപര്യമുളള രാജ്യങ്ങൾക്ക് കോവിൻ പ്ലാറ്റ്‌ഫോമിന്റെ ഓപ്പൺ സോഴ്‌സ് സോഫ്റ്റ് വെയർ സൗജന്യമായി നൽകാനാണ് ഇന്ത്യയുടെ തീരുമാനം. ഡൽഹിയിൽ നടന്ന കോവിൻ ഗ്ലോബൽ കോൺക്ലേവിലും ഇതായിരുന്നു ചർച്ചയായത്.


أحدث أقدم