മോദിയുടെ ചിത്രമുള്ള ബാനർ, കിറ്റിന് മുകളിൽ താമര; സൗജന്യ റേഷൻ വിതരണത്തിൽ സംസ്ഥാനങ്ങൾക്ക് പുതിയ നിർ​ദ്ദേശം



ഇനി മുതൽ സൗജന്യ റേഷൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട ബാനറുകൾ സ്ഥാപിക്കാൻ നിർദേശം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമാണ് സൗജന്യ റേഷൻ വിതരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര നേതൃത്വമാണ് നിർദ്ദേശം നൽകിയത്.
റേഷൻ വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ബാഗുകളിൽ ബിജെപിയുടെ ചിഹ്നമായ താമര പതിക്കണമെന്നും നിർദേശമുണ്ട്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്നു നിർധനരായവരുടെ കുടുംബങ്ങൾക്കുള്ള ആശ്വാസം എന്ന നിലയ്ക്കാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പുനഃസ്ഥാപിച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ടിനു കീഴിലെ 80 കോടി ആളുകൾക്കു പ്രതിമാസം അഞ്ച് കിലോ ധാന്യം സൗജന്യമായി ലഭിക്കുന്ന പദ്ധതി നവംബർ വരെ നീട്ടിയിട്ടുണ്ട്
സംസ്ഥാന നേതൃത്വങ്ങൾക്കു ബിജെപി ദേശീയ സെക്രട്ടറി അരുൺ സിങ് അയച്ച കത്തിൽ ഭക്ഷ്യ പദ്ധതി ഏറ്റവും മികച്ച രീതിയിൽ ജനങ്ങളിലെത്തിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റേഷൻ ബാഗുകളിൽ താമര ചിഹ്നം ഉറപ്പുവരുത്താൻ എംപിമാർ, എംഎൽഎമാർ, പാർട്ടി ഭാരവാഹികൾ എന്നിവർക്കു നിർദേശം നൽകി. ബിജെപി ഭരണം നിലവിലില്ലാത്ത സംസ്ഥാനങ്ങളിലും റേഷൻ ബാഗുകളിൽ താമര ചിഹ്നം പതിപ്പിക്കണമെന്നാണു നിർദേശം.
ഇത്തരം സംസ്ഥാനങ്ങളിൽ ബാനറിൽ നിന്നു മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കണം. പകരം പൊതുസ്വീകാര്യത ഉള്ളവരുടെയും നിയമ നിർമാതാക്കളുടെയും ചിത്രം പതിപ്പിക്കണം. പ്രചാരണത്തിനു സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കണം. ഗുണഭോക്താക്കളെ നേരിട്ടു കാണാനും പാർട്ടി നേതാക്കൾക്കു നിർദേശം നൽകിയിട്ടുണ്ട്. റേഷൻ ബാഗുകൾ പ്ലാസ്റ്റിക് മുക്തമാണെന്ന് ഉറപ്പാക്കണമെന്നും കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കണമെന്നും നിർദേശമുണ്ട്.


أحدث أقدم