കിറ്റെക്‌സിനെ അനുനയിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍ ; പദ്ധതിയിലേക്ക് മടങ്ങിവരണമെന്ന് അഭ്യർത്ഥന



3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച കിറ്റെക്‌സിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍. ഉപേക്ഷിച്ച പദ്ധതിയിലേക്ക് കിറ്റെക്‌സ് മടങ്ങിവരണമെന്ന് വ്യവസായമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. നടന്നതെന്തെന്ന് പരിശോധിക്കും. പ്രശ്‌നത്തെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിറ്റക്‌സ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
നിക്ഷേപ പദ്ധതിയിലേക്ക് കിറ്റെക്‌സ് തിരികെ വരണം. നാടിനു ക്ഷീണമുണ്ടാകുന്ന പ്രവൃത്തികള്‍ അനുവദിക്കില്ല. മിന്നല്‍ പരിശോധനകള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതീവഗൗരവമായ ഏതെങ്കിലും പരാതി, അതും പ്രഥമദൃഷ്ട്യാ തന്നെ ശരിയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടാല്‍ ചിലപ്പോള്‍ പരിശോധന വേണ്ടി വരും. അത് അത്യപൂര്‍വ സന്ദര്‍ഭത്തില്‍ മാത്രമാണ്.
അല്ലാത്ത സാഹചര്യങ്ങളില്‍ പരിശോധന വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ നിലപാട് വളരെ പോസിറ്റീവ് ആണ്. വിഷയം തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തണമായിരുന്നു. നാടിനാകെ അപമാനകരമായ അവസ്ഥ ഉണ്ടാകാന്‍ ഇടയാക്കരുതായിരുന്നു എന്നും മന്ത്രി പറഞ്ഞു. 3500 കോടിയുടെ പദ്ധതിയുമായി കിറ്റെക്‌സ് ഇനി വന്നാലും സര്‍ക്കാര്‍ അംഗീകരിക്കും. ഇതിനെ ട്വന്റി-20യുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാനുള്ള നടപടികള്‍ അല്ലെന്നും മന്ത്രി പറഞ്ഞു.വിവാദങ്ങള്‍ക്കിടെ കിഴക്കമ്പലത്തെ കിറ്റക്‌സ് സന്ദര്‍ശിക്കാന്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെത്തി. കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. എറണാകുളം ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം, മാനേജര്‍ ഷീബ എന്നിവരാണ് സാബു ജേക്കബുമായി ചര്‍ച്ച നടത്തിയത്. കിറ്റെക്‌സിന്റെ പരാതി കേള്‍ക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

أحدث أقدم