ജി സുധാകരനെതിരെ കൂടുതൽ പരാതികൾ ; സലാമിനെ പിന്തുണച്ച് ആസിഫും സജി ചെറിയാനും






ആലപ്പുഴ : മുന്‍ മന്ത്രി ജി സുധാകരനെതിരായ അന്വേഷണം നടത്തുന്ന സിപിഎം പാര്‍ട്ടി കമ്മീഷനു മുന്നില്‍ കൂടുതല്‍ പരാതികള്‍. അന്വേഷണ പരിധിയിലില്ലാത്ത വിഷയങ്ങളും കമ്മീഷനു മുന്നില്‍ പരാതിയായെത്തിയെന്നാണ് വിവരം.

സുധാകരന്‍ തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം വേണുഗോപാല്‍ പരാതി ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും തെളിവുകളും കമ്മീഷനു മുന്നില്‍ ഇദ്ദേഹം ഹാജരാക്കി. 

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍നിന്ന് കമ്മീഷനു മുന്നില്‍ ഹാജരായ ഭൂരിപക്ഷം പേരും സുധാകരന് എതിരായ നിലപാട് എടുത്തു എന്നാണ് വിവരം. സജി ചെറിയാന്‍, എ എം ആരിഫ് എന്നിവര്‍ അടക്കമുള്ളവര്‍ സ്ഥലം എംഎല്‍എ എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. അമ്പലപ്പുഴ, ആലപ്പുഴ ഏരിയക്കമ്മിറ്റികളില്‍ നിന്ന് ഹാജരായവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സുധാകരനെ പിന്തുണച്ചത്

തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ കമ്മീഷന്‍, ഉടന്‍തന്നെ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറും. അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ ജെ തോമസ് എന്നിവരുള്‍പ്പെടുന്ന കമ്മീഷന്‍ അന്വേഷിക്കുന്നത്.

أحدث أقدم