എവിടെയെങ്കിലും വി​ഗ്രഹവും കുരിശും വച്ച് ആരാധനാലയമെന്ന് പറയുന്നത് അപകടകരം, ജഡ്ജി നീതിമാൻ: ശ്രീകുമാരൻ തമ്പി






കൊച്ചി: ദേശീയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം ക്ഷമിച്ചോളും എന്നുപറഞ്ഞ ജഡജിയെ വണങ്ങുന്നെന്ന് പ്രശസ്ത ​ഗാനരചയ്താവ് ശ്രീകുമാരൻ തമ്പി. ശ്രീകുമാരൻ തമ്പി എഴുതിയ "മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവൻ കരുണാമയനായ് കാവൽവിളക്കായ് കരളിലിരിക്കുന്നു." എന്ന വരികൾ ഉദ്ദരിച്ചായിരുന്നു കോടതി വിധിപറഞ്ഞത്. 

ഹൈക്കോടതി പറഞ്ഞത് ഉയർന്ന ആശയമാണെന്ന് ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിനായുള്ള പാത ദേവാലയത്തിനായി വഴിതിരിക്കേണ്ടിവരുന്നത് സ്വാർത്ഥതയാണെന്നും രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏക ആശ്വാസം കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. എവിടെയെങ്കിലും വി​ഗ്രഹവും കുരിശും വച്ച് ആരാധനാലയമെന്ന് പറയുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധി പറഞ്ഞ ജഡ്ജിയെ നീതിമാൻ എന്നാണ് ശ്രീകുമാരൻ തമ്പി വിശേഷിപ്പിച്ചത്. 

കൊല്ലം ജില്ലയിലെ ഉമയനല്ലൂർ - തഴുത്തല മേഖലയിലെ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ ആരാധനാലയങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ വിധി പറഞ്ഞത്. 

ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്. അലൈൻമെന്റ് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയിൽ വീടോ ക്ഷേത്രമോ പള്ളിയോ സെമിത്തേരിയോ ഉണ്ടെന്ന പേരിൽ സ്ഥലമേറ്റെടുപ്പ് ഉപേക്ഷിക്കണമെന്ന് പറയാനാവില്ല. - കോടതി വ്യക്തമാക്കി. ദേശീയപാത വികസനത്തിൽ തീരുമാനമെടുക്കേണ്ടത് ദേശീയപാത അതോറിറ്റിയാണെന്ന് ചൂണ്ടിക്കാട്ടി സിംഗിൾബെഞ്ച് ഹർജികൾ തള്ളുകയും ചെയ്തു..

أحدث أقدم