അമ്മയെയും മൂന്ന് മക്കളെയും വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി





ആഗ്ര: വിവാഹമോചിതയായ യുവതിയെയും മൂന്ന് മക്കളെയും വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബ്യൂട്ടി പാർലർ ജീവനക്കാരിയായ രേഖ റാത്തോഡ്(35), മക്കളായ വാൻഷ്(14), പരാഷ്(11), മഹി(എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രേഖയുടെ കുടുംബത്തിന്റെ പരാതിയിൽ ഇവരുടെ മുൻഭർത്താവായ സുനിൽ റാത്തോഡിനെതിരേ പോലീസ് കേസെടുത്തു.

വ്യാഴാഴ്ച രാവിലെയാണ് രേഖയുടെയും മക്കളുടെയും മൃതദേഹങ്ങൾ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് അയൽക്കാർ രേഖയെ വീട്ടിൽ അവസാനമായി കണ്ടത്. എന്നാൽ, വ്യാഴാഴ്ച രാവിലെയും വീടിന്റെ വാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. സംശയം തോന്നിയ അയൽക്കാർ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി പരിശോധിച്ചതോടെയാണ് നാലു പേരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

യുവതിയുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ നിലത്താണ് കിടന്നിരുന്നത്. രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിൽ കിടക്കുന്ന നിലയിലും കണ്ടെത്തി. നാലു പേരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നും രക്തം വാർന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. വീട്ടിലെ അലമാരകളെല്ലാം തുറന്നിട്ട നിലയിലായിരുന്നു. മേശയ്ക്ക് മുകളിൽ ചായക്കപ്പുകളും കണ്ടെത്തി. രേഖയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിട്ടുണ്ട്.

വിവരമറിഞ്ഞ് ആഗ്ര എ.ഡി.ജി. രാജ് കൃഷ്ണ ഉൾപ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ബലപ്രയോഗം നടത്താതെയാണ് അക്രമി വീട്ടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നതെന്നും അന്വേഷണത്തിനായി ഏഴ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രേഖയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സിറ്റി എസ്.പി. ബോത്രെ രോഹൻ പ്രമോദും അറിയിച്ചു.


أحدث أقدم