കെ എം മാണിക്കെതിരെ സമരം ചെയ്‌തവര്‍ വിചാരണ നേരിടുമ്പോള്‍ നിലപാട്‌ തുറന്നു പറയാന്‍ കഴിയാതെ മകന്‍ ജോസ് കെ മാണി





കോട്ടയം:  വളരെ അസാധാരണമായ ഒരു രാഷ്ട്രീയാവസ്ഥയാണ്‌ കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്‌ ഇന്നലെത്തെ സുപ്രീംകോടതി വിധിയോടെ ഉണ്ടായിരിക്കുന്നത്‌. 

2015 മാര്‍ച്ച്‌ 15-ന്‌ നിയമസഭയില്‍ കെ.എം.മാണി ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ തടയാന്‍ ശ്രമിച്ച ഇടതുപക്ഷം മാണിയുടെ കോഴയെക്കെതിരായ രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു മുന്നോട്ടുവെച്ചത്‌. മാണിക്കെതിരെ നീങ്ങിയ ഇടതുപക്ഷം പിന്നീട്‌ മാണിയുടെ പാര്‍ടിയെ കൂടെ ചേര്‍ക്കുകയും ഇപ്പോള്‍ ഇടതു മന്ത്രിസഭയില്‍ മാണിയുടെ മകന്‌ ഇടം നല്‍കുകയും ചെയ്‌തു. ഘടകകക്ഷിയായി മാറിയതോടെ മാണിക്കെതിരായ സമരമല്ല, യു.ഡി.എഫിനെതിരായ സമരമാണ്‌ തങ്ങള്‍ നടത്തിയതെന്ന നിലപാടിലേക്ക്‌ സി.പി.എം. മാറുകയും ചെയ്‌തുവെങ്കിലും കേരള കോണ്‍ഗ്രസില്‍ അത്‌ ചില പ്രശ്‌നങ്ങളൊക്കെ പിന്നീടും ഉണ്ടാക്കി. എന്നാല്‍ മുന്നണി മര്യാദ കാത്തു സൂക്ഷിച്ച്‌ ജോസ്‌ കെ.മാണി ഒരു പരാമര്‍ശവും നടത്താതെ ഒഴിഞ്ഞു മാറി.


നിയമസഭാ കയ്യാങ്കളിക്കേസ്‌ സുപ്രീംകോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ മാണിയെ പേരെടുത്ത്‌ പരാമര്‍ശിച്ചത്‌ കേരള കോണ്‍ഗ്രസില്‍ വലിയ വിവാദമായി. മാണിയുടെ കോഴയെപ്പറ്റി പരാമര്‍ശിച്ചത്‌ കാര്യം മനസ്സിലാക്കാതെ അഭിഭാഷകന്‌ പറ്റിയ പിഴയാണെന്ന്‌ സി.പി.എം. വിശദീകരിക്കുകയും രംഗം മയപ്പെടുത്തുകയും ചെയ്‌തതോടെ ജോസ്‌ കെ.മാണിയും അയഞ്ഞ നിലപാട്‌ സ്വീകരിക്കുകയാണുണ്ടായത്‌. പിന്നീടുള്ള ദിവസം അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ മാണിയെ പരാമര്‍ശിക്കാതെ യു.ഡി.എഫ്‌.അഴിമതി എന്ന കാര്യം ഊന്നിപ്പറയുകയും ചെയ്‌ത്‌ വിവാദത്തിന്‌ വിരാമമിട്ടു.

കയ്യാങ്കളിക്കേസില്‍ പ്രതിസ്ഥാനത്തുള്ളവര്‍ വിചാരണ നേരിടണമെന്നും കേസ്‌ റദ്ദാക്കാനാവില്ലെന്നുമുള്ള ഇന്നലത്തെ സുപ്രീംകോടതി വിധിയില്‍ കേരള കോണ്‍ഗ്രസ്‌ സത്യത്തില്‍ വെട്ടിലായിരിക്കയാണ്‌. 

കെ എം മാണിയെ ലക്ഷ്യമിട്ട്‌ ഇടതുപക്ഷം നടത്തിയ സമരത്തിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിസ്ഥാനത്ത്‌ ഇപ്പോള്‍ കാബിനറ്റിലെ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുണ്ട്‌. സുപ്രീംകോടതി വിധിയോട്‌ പ്രതികരിക്കുമ്പോള്‍ ജോസ്‌ കെ.മാണി തീര്‍ച്ചയായും ഒരു ധര്‍മസങ്കടം നേരിടും എന്നുറപ്പാണ്‌. സമരത്തെ തള്ളിപ്പറയുമ്പോള്‍ തന്നെ അതില്‍ പാര്‍ടിയില്‍ നിലനില്‍ക്കുന്ന ഭിന്നതയെ മറച്ചു പിടിച്ചു മാത്രമേ ജോസ്‌ കെ മാണി വിഭാഗം നേതാക്കള്‍ക്ക്‌ പ്രതികരിക്കാനാവൂ. 

കെ എം മാണിക്കെതിരെ സമരം ചെയ്‌തവര്‍ക്കെതിരായ വിധിയെന്ന നിലയില്‍ സ്വാഗതം ചെയ്യാന്‍ പാര്‍ടിക്ക്‌ ഇപ്പോള്‍ കഴിയില്ല. മുന്നണിക്കെതിരായ വിധി എന്ന നിലയില്‍ ഇടതുപക്ഷത്തിന്റെ നിലപാടിനൊപ്പം നില്‍ക്കേണ്ടിവരും. ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയാണ്‌ സുപ്രീംകോടതി വിധിയിലൂടെ ജോസ്‌ കെ.മാണി യഥാര്‍ഥത്തില്‍ അഭിമുഖീകരിക്കുന്നത്‌.

أحدث أقدم