പാമ്പിനെ കഴുത്തിൽ ചുറ്റി അഭ്യാസം നടത്തിയ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു

 


മുംബൈ: വിഷപാമ്പിനെ കഴുത്തിൽ ചുറ്റി പ്രദർശനം നടത്തിയ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ താനെ സ്വദേശി മുഹമ്മദ് ഷെയ്‌ഖ് (28) ആണ് ദാരുണമായി മരിച്ചത്. താനെ ജില്ലയിലെ സഞ്ജയ് നഗറിലെ മാർക്കറ്റിൽ പ്രദർശനം നടത്തുന്നതിനിടെയാണ് മുഹമ്മദ് ഷെയ്ഖിന് പാമ്പുകടിയേറ്റത്. 

പ്രദേശത്തെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനാണ് ഇയാൾ. പാമ്പുകളുമായി ഇയാൾ പ്രദർശനം നടത്തുന്നത് പതിവായിരുന്നു. വിഷപ്പാമ്പുകളെ ഉപയോഗിച്ച് പ്രദർശനം നടത്തുന്നതിനിടെ നേരത്തെയും ഇയാൾക്ക് കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂർഖൻ പാമ്പുമായി നടത്തിയ അഭ്യാസമാണ് യുവാവിന്‍റെ ജീവനെടുത്തത്.

 സഞ്ജയ് നഗർ മാർക്കറ്റിൽ കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഷെയ്ഖും കൂട്ടുകാരും പ്രദർശനത്തിനായി എത്തിയത്. പാമ്പിനെ കഴുത്തിൽ ചുറ്റി നടന്നു നീങ്ങുകയായിരുന്നു ഇദ്ദേഹം. ഈ സമയം സുഹൃത്തുക്കൾ മൊബൈലിൽ പകർത്തുകയായിരുന്നു. എന്നാൽ നടക്കുന്നതിനിടെ അസ്വസ്ഥത തോന്നിയ മുഹമ്മദ് ഷെയ്ഖ് സുഹൃത്തുക്കളോട് വിവരം പറയുകയായിരുന്നു. 

ഉടൻ തന്നെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്. 

أحدث أقدم