എഐസിസി തലപ്പത്ത് അഴിച്ചുപണി നാല് വർക്കിംഗ് പ്രസിഡന്‍റുമാർ; രമേശ് ചെന്നിത്തലയും സച്ചിൻ പൈലറ്റും പരിഗണനയിൽ




ന്യൂഡൽഹി : കോൺഗ്രസ് തലപ്പത്ത് വൻ അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാൻഡ്. സോണിയ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് പാര്‍ട്ടി അദ്ധ്യക്ഷയെ സഹായിക്കാന്‍ നാല് വർക്കിംഗ് പ്രസിഡിന്‍റുമാരെ നിയമിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.
രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.

ദളിത് പ്രാതിനിധ്യം കണക്കിലെടുത്ത് മുകുള്‍ വാസ്‌നിക്, ഷെല്‍ജ എന്നിവരിൽ ഒരാളും ഉപാദ്ധ്യക്ഷ പദവിയിലെത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നു.

അഹമ്മദ് പട്ടേല്‍ മുമ്പ് വഹിച്ച പാർട്ടി അദ്ധ്യക്ഷയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എത്തിയേക്കുമെന്നും സൂചനയുണ്ട്.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാന്‍ തയ്യാറല്ലെന്ന നിലപാടാണ് രാഹുല്‍ഗാന്ധി ഇപ്പോഴും സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തുടര്‍ന്നേക്കും.

പാർട്ടിയുടെ ദിവസേനയുളള കാര്യങ്ങളിൽ സോണിയഗാന്ധി ഇപ്പോൾ ഇടപെടാറില്ല. അടിയന്തര യോഗങ്ങളില്‍ മാത്രമാണ് സോണിയ ഇപ്പോള്‍ പങ്കെടുക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് നാല് വര്‍ക്കിംഗ് പ്രസിഡന്‍റുമാരെ നിയമിക്കാന്‍ ആലോചന നടക്കുന്നത്.
മേഖലകളായി തിരിച്ചായിരിക്കും  വർക്കിംഗ് പ്രസിഡന്‍റുമാർക്ക് ചുമതല നൽകുക.

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചപ്പോൾ തന്നെ ചെന്നിത്തലയ്‌ക്ക് ദേശീയതലത്തിൽ പദവി നൽകുമെന്ന സൂചനകളുണ്ടായിരുന്നു. പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിന്‍റെ ചുമതല അദ്ദേഹത്തിന് നൽകുമെന്നായിരുന്നു അഭ്യൂഹം.

ഷെല്‍ജയെ ഹരിയാന പി സി സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഭൂപീന്ദര്‍ സിംഗ് ഹുഡ അനുകൂലികള്‍ ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു.

വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഷെല്‍ജയ്ക്ക് സാദ്ധ്യത കൂടുതലാണ്. എന്നാൽ ഗാന്ധി കുടുംബവുമായുളള മുകുൾ വാസ്‌നിക്കിന്‍റെ അടുപ്പമാണ് ഷെൽജയ്‌ക്ക് വെല്ലുവിളിയാകുന്നത്.
أحدث أقدم