അതിർത്തിയ്ക്കപ്പുറം ആയുധങ്ങളുമായി ലഷ്കർ ഇ ത്വയ്ബ സംഘം തമ്പടിച്ചിരിക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്





ന്യൂഡൽഹി : അതിർത്തിയ്ക്കപ്പുറം ആയുധങ്ങളുമായി ലഷ്കർ ഇ ത്വയ്ബ സംഘം തമ്പടിച്ചിരിക്കുന്നതായി ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്.

പാകിസ്താന്റെ ഷക്കർഗഡിലെ പിയർ ബങ്കർ പോസ്റ്റിന് സമീപമുള്ള മസ്ജിദിലാണ് ഇന്ത്യയിലേക്ക് കടക്കാൻ തയ്യാറായി ആറംഗ ലഷ്കർ ഇ ത്വയ്ബ ഭീകരർ എത്തിയിരിക്കുന്നത് .

എകെ 56 റൈഫിളുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളുമടങ്ങിയ 3 ബാഗുകളുമായി സംഘം സാംബ ജില്ലയിലെ ബാബൻ നള വഴി ഇന്ത്യയിലേക്ക് കടക്കാനാണ് നീക്കം . ഇന്റലിജൻസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികരും അതീവ ജാഗ്രതയിലാണ് .

കനത്ത മഴയും പ്രക്ഷുബ്ധമായ കാലാവസ്ഥയും അതിർത്തി സുരക്ഷാ സേനയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. ഇത് മുതലാക്കി ഇന്ത്യയിലേക്ക് കടക്കാനാണ് ഭീകരരുടെ ശ്രമം.

രഹസ്യാന്വേഷണ റിപ്പോർട്ടിൽ, സാംബ ജില്ലയിൽ ശക്തമായ മഴയിൽ അന്താരാഷ്ട്ര അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് രണ്ട് ബി‌എസ്‌എഫ് പോസ്റ്റുകൾക്കിടയിൽ ആശയവിനിമയത്തിനു തടസ്സം നേരിടുന്നുണ്ട് . 

ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിക്കാൻ തീവ്രവാദികളെ സഹായിക്കാൻ ഹിരാനഗർ സെക്ടറിൽ നിന്നോ അടുത്തുള്ള പ്രദേശങ്ങളിൽ നിന്നോ ഷബ്ബീർ ഹുസൈനെന്ന പേരിൽ ഒരു സഹായി ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഭീകരർ പാക് റേഞ്ചേഴ്സിന്റെ സഹായവും തേടിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം നിലവിലുള്ള തുരങ്കം കശ്മീരിലേക്ക് പ്രവേശിക്കാനുള്ള മാർഗമായി ലഷ്കർ ഭീകരർ തെരഞ്ഞെടുക്കാനും സാദ്ധ്യതയുണ്ട്.


أحدث أقدم