കരുവന്നൂർ വായ്പ തട്ടിപ്പ് : പ്രതികളായ സി പി എം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തിര ജില്ല സെക്രട്ടേറിയറ്റ് .






തൃശ്ശൂർ: കരുവന്നൂർ വായ്പ തട്ടിപ്പ് കേസിൽ പ്രതികളായ സി പി എം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തിര ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരും. സംസ്ഥാന പ്രതിനിധിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം. സിപിഎം സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് യോഗം. ബാങ്ക് ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ഉൾപ്പടെ ആറ് പേരിൽ നിന്ന് സിപിഎം വിശദീകരണം തേടിയിരുന്നു.

കേസിൽ മുഖ്യപ്രതികളുൾപ്പടെ മൂന്നു പേർ സി പി എം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടൻ്റ് സി.കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അം​ഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ്. ടി.ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അം​ഗമാണ്. 

അതേസമയം, കരുവന്നൂർ ബാങ്കിലെ അഡ്മിനിസ്ട്രേറ്റർ നിയമനത്തിനെതിരെ ബി ജെ പി രം​ഗത്തെത്തി. സി പി എമ്മിനെ പിന്തുണയ്ക്കുന്ന വ്യക്തിയെ നിയമിച്ചത് അഴിമതി മറച്ചു വെക്കാനാണെന്നാണ് ആരോപണം. കൂടുതൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ബി ജെ പിയുടെ തീരുമാനം. കരുവന്നൂർ ബാങ്കിൽ വൻ വായ്പാ തട്ടിപ്പ് നടക്കുന്നുണ്ടെന്ന പരാതിയുമായി ആദ്യമെത്തിയത് ഇരിങ്ങാലക്കുട സ്വദേശി സുരേഷണ്. സുരേഷ് ആദ്യം പരാതി നൽകിയത് മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ ആയ എം സി അജിതിനാണ്, എന്നാൽ പ്രതികരണം വളരെ മോശമായിരുന്നു. പരാതി ഒതുക്കി തീർക്കാനാണ് അന്ന് ശ്രമിച്ചത്. ഇതേ വ്യക്തിയെയാണ് ഇപ്പോൾ അഡ്മിമിനിസ്ട്രർ ആയി നിയമിച്ചിരിക്കുന്നത്.

സി പി എമ്മിനെ സഹായിക്കാനാണ് ഇത്തരത്തിൻ നിയമനം നടത്തിയതെന്നാണ് ആക്ഷേപം. ബാങ്ക് തട്ടിപ്പ് സി പി എമ്മിനെതിരെ വലിയ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് ബി ജെ പി.


أحدث أقدم