എസ് ഐയുടെ വേഷം കെട്ടി കാമുകിയെ സ്വന്തമാക്കാനിറങ്ങിയ യുവാവ് പൊലീസിന്റെ പിടിയിലായി. മധുര സ്വദേശി അജയ് (20) ആണ് പൊലീസിന്റെ പിടിയിലായത്. ധ്വാരകയിലെത്തിയ അജയ് ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഇവിടെ നല്കിയ തിരിച്ചറിയല്‍ രേഖയാണ് അജയിനെ കുടുക്കിയത്. പൊലീസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് മുറി എടുത്തത്. ഇതില്‍ സംശയം തോന്നിയ ഹോട്ടല്‍ മാനേജര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് കള്ളിവെളിച്ചത്തായത്.
ഹോട്ടലുകാര്‍ വിവരം അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് റൂം പരിശോധിച്ചു. പൊലീസ് ട്രെയിനിങ്ങിനെക്കുറിച്ചും പോസ്റ്റിങ്ങിനെക്കുറിച്ചും മറ്റും ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ അജയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് റൂമില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു ജോഡി യൂണിഫോമും കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് കാമുകിയെ സ്വന്തമാക്കാനാണ് പൊലീസ് വേഷം കെട്ടിയതെന്ന് അജയ് സമ്മതിച്ചത്. തനിക്ക് സഹബാദ്, മൊഹമ്മദ്പൂര് എന്നിവിടങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യലാണ് ജോലിയെന്നും അജയ് സമ്മതിച്ചു.