ജയിലില്‍ അടച്ചാല്‍ സര്‍ക്കാര്‍ സത്യം മറയ്ക്കാമെന്ന് കരുതേണ്ട’; രമേശ് ചെന്നിത്തല



ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്നത് വല്യ കുറ്റകൃത്യമായി കാണുന്ന ഏകാധിപത്യ സര്‍ക്കാരാണ് കേരളത്തിലും ഇന്ത്യയിലുമുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലമേല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന വാക്‌സിന്‍ തിരിമറി ചോദ്യം ചെയ്തു ജനാധിപത്യപരമായി പ്രതിഷേധിച്ച പഞ്ചായത്ത് പ്രസിഡന്റിനെയും, ഭരണസമിതി അംഗങ്ങളെയും നിലമേല്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റിനെയും കള്ള കേസില്‍ കുടുക്കി പിണറായി സര്‍ക്കാര്‍ ജയിലില്‍ അടച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.

ജാമ്യം ലഭിച്ചു ജയില്‍ മോചിതരായ നേതാക്കളെ സ്വീകരിച്ച ശേഷം നടത്തിയ പ്രതികരണത്തിലാണ് മുന്‍ പ്രതിപക്ഷ നേതാവിന്റെ രൂക്ഷ പ്രതികരണം. ജയിലില്‍ അടക്കുന്നത് കൊണ്ട് സത്യം മറച്ചു പിടിക്കാം എന്ന് സര്‍ക്കാര്‍ കരുതരുത്. ഏതു കല്‍തുറങ്കില്‍ അടച്ചാലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ജനത്തിന് വേണ്ടിയും, സത്യത്തിന് വേണ്ടിയും പോരാടുമെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡിനെ മുതലെടുത്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ വാക്സിന്‍ വിതരണത്തിലും രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രതികരിച്ചിരുന്നു. വാക്സിന്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും, അത് കിട്ടാതെ മടങ്ങേണ്ടി വന്ന നൂറുകണക്കിന് സാധാരണക്കാരുടെ പരാതിക്ക് പരിഹാരം കാണാനാണ് നിലമേല്‍ പഞ്ചായത്ത് പ്രസിഡന്റും മറ്റുള്ള മെമ്പര്‍മാരും ആശുപത്രി സന്ദര്‍ശിച്ചത്. അവരുടെ പരാതി കേള്‍ക്കുക പോലും ചെയ്യാതെ വനിത മെമ്പര്‍മാരോട് പോലും തട്ടിക്കയറിയ ഡോക്ടറെയാണ് യഥാര്‍ത്ഥത്തില്‍ പ്രതിയാക്കി കേസെടുക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
أحدث أقدم