ലുലു ഗ്രൂപ്പിന്റെ പേരിൽ തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് മാനേജ്‌മെന്റ്




ലുലു ഗ്രൂപ്പിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകളിൽ വഞ്ചിതരാകരുതെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മുന്നറിയിപ്പ് നൽകി. വാട്സ് അപ്പ് ഉൾപ്പടെയുളള സാമൂഹ്യ മാധ്യമങ്ങളിൽ ലുലുവിന്റേതെന്ന പേരിൽ വ്യാജ ഓഫറുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ വാർത്താകുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാജ വെബ് സൈറ്റ് ലിങ്കാണ് പ്രചരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിന്റെ ഇരുപതാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായുളള ഓഫറാണെന്നാണ് പ്രചരണം. വെബ്‌സൈറ്റിൽ കയറിയാൽ ചോദ്യങ്ങളുണ്ട്. അതിന് ശേഷം ഹുവായ് മാറ്റ് 40 പ്രോ സ്വന്തമാക്കാൻ ലിങ്ക് അഞ്ച് ഗ്രൂപ്പുകളിലേക്കും ഇരുപത് സുഹൃത്തുക്കൾക്കും വാട്‌സ്അപ്പ് ചെയ്യാൻ ആവശ്യപ്പെടുന്ന തരത്തിലാണ് പരസ്യം.
ഇത്തരത്തിലുളള സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും ബാങ്ക് അക്കൗണ്ട്, കാർഡ് നമ്പർ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും വി നന്ദകുമാർ ഓ‍ർമ്മിപ്പിച്ചു.
أحدث أقدم