ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികൾ


റ്റിജോ ഏബ്രഹാം 
ന്യൂസ് ബ്യൂറോ കുവൈറ്റ് 

ദുബായ് ∙ ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് സാധാരാണ രീതിയിൽ വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കൃത്യമായ വിവരമില്ലെങ്കിലും ചില വിമാന കമ്പനികൾ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്ത്യൻ വിമാനങ്ങളടക്കം തങ്ങളുടെ വെബ് സൈറ്റ് വഴി അടുത്തയാഴ്ച മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് 900 മുതൽ 2,799 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്.മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് ഒരാൾക്ക് 721 മുതൽ 1,855 ദിർഹം വരെയും ഡൽഹിയിൽ നിന്ന് 597 ദിർഹവും. ഇന്ത്യൻ വിമാന കമ്പനിയായ വിസ്താര മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് 895 ദിര്‍ഹമാണ് നിരക്ക് ആവശ്യപ്പെടുന്നത്. എന്നാൽ, ഇൗ മാസം 15നും 16നും വളരെ കുറച്ച് സീറ്റ് മാത്രമേ ബാക്കിയുള്ളൂ. ഇൻ‍ഡിഗോ കണക്ഷൻ വിമാനത്തിന് 850 ദിർഹവും 16നുള്ള നേരിട്ടുള്ള വിമാനത്തിന് 1,100 ദിർഹവും ആവശ്യപ്പെടുന്നു.ദുബായിയുടെ എമിറേറ്റ്സ് എയർലൈൻസ്, ബജറ്റ് വിാമാനമായ ഫ്ലൈ ദുബായ് എന്നിവ 16 മുതലുള്ള ടിക്കറ്റുകൾ നൽകിത്തുടങ്ങി. എത്തിഹാദ് എയർവേയ്സ് 22 മുതൽ ഇന്ത്യയിൽ നിന്ന് സർവീസ് പുനരാരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇതുവരെ സർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് യാതൊരു വിവരവും വെളിപ്പെടുത്തിയിട്ടില്ല.അതേസമയം, ബലി പെരുന്നാൾ കഴിഞ്ഞാൽ വിമാന സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ചില ട്രാവൽ ഏജൻസി അധികൃതർ പറഞ്ഞു. ഏപ്രിൽ 24നായിരുന്നു ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവച്ചത്. ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്നതിനാൽ പലതവണ മാറ്റിവച്ച സർവീസ് പുനരാരംഭിക്കുന്നതിൽ അനിശ്ചിതാവസ്ഥ തുടരുന്നു.
أحدث أقدم