പാലായിൽ നാട്ടുകാര്‍ക്ക് തലവേദനയായി ഒരു മദ്യവില്‍പ്പനശാല

 



പാല : കോഴ റോഡില്‍ വെള്ളപ്പാട് നെല്ലിക്ക സമീപം നഗരസഭയുടെ ഇരുപത്തിനാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യവില്‍പ്പനശാല സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കും  ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി.

വീതി കുറഞ്ഞതും തിരക്കേറിയതും ആയ റോഡിനോട് ചേര്‍ന്നുള്ള വളവില്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിന് രണ്ടാംനിലയില്‍ റീട്ടെയില്‍ ഔട്ട്ലെറ്റ് പ്രീമിയം കൗണ്ടറും സൂപ്പര്‍മാര്‍ക്കറ്റ് ഗോഡൗണും കൂടി 14 ഷട്ടറുകളില്‍ പ്രവര്‍ത്തിക്കുകയാണ് ബെവ്കോ.

താഴത്തെ നിലയില്‍ മുഴുവനും മറ്റുള്ള കച്ചവടസ്ഥാപനങ്ങള്‍ ആണ്. ഇതിനെല്ലാമുള്ള പാര്‍ക്കിംഗ് സംവിധാനങ്ങള്‍ ഇല്ലാത്തതു മൂലം ഗേറ്റിനു മുന്‍പില്‍ വീടുകളിലേക്കുള്ള വഴികളിലും വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ നിവാസികള്‍ക്ക് യാത്ര ബുദ്ധിമുട്ടാകുന്നു.

വാഹനപ്പെരുപ്പം മൂലം ഗതാഗത തടസങ്ങള്‍ ഉണ്ടാകുന്നതിനും റോഡ് കയ്യേറിയുള്ള അനധികൃത പാര്‍ക്കിംഗ് കാരണമാകുന്നു.

ഇതിനു പുറമെ വണ്ടികളില്‍ ഇരുന്നു മദ്യപിക്കുകയും മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും സമീപ വീടുകളിലെ കോമ്പൗണ്ട് കളിലേക്കും വലിച്ചെറിയുകയും പരിസരങ്ങളില്‍ മലമൂത്ര വിസര്‍ജനങ്ങള്‍ നടത്തുന്നത് മൂലം പരിസര മലിനീകരണം ഉണ്ടാവുകയും ചെയ്യുന്നുവെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

ഗേറ്റിനു മുന്‍പില്‍ നിന്നും വീട്ടിലേക്കുള്ള വഴികള്‍ നിന്നും വാഹനങ്ങള്‍ മാറ്റിത്തരണം എന്നു പറയുമ്പോള്‍ ചീത്തവിളിയും ഭീഷണിയും നേരിടേണ്ടിവരുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

മദ്യം വാങ്ങാന്‍ വരുന്നവര്‍ യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നില്ല. സാമൂഹിക അകലം പാലിക്കുകയോ, സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യാത്ത ഇവര്‍ അനുവദനീയമായ മൂന്നു ലിറ്റര്‍ മദ്യത്തിനു പകരം കൂടുതല്‍ അളവില്‍ വലിയ സഞ്ചികളിലും ബിഗ് ഷോപ്പര്‍ ബാഗുകളിലും ആവശ്യം പോലെ മദ്യം വാങ്ങിക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇതിനെതിരെ പോലീസ്, എക്സൈസ് വകുപ്പുകള്‍ യാതൊരുവിധ നടപടിയും എടുക്കുന്നില്ല. ഗതാഗത തടസ്സവും പരിസര മലിനീകരണമുണ്ടാക്കുന്ന മദ്യവില്‍പ്പനശാല ഈ ജനവാസ മേഖലയില്‍ നിന്നും ഉടനടി മാറ്റണമെന്നാവശ്യപ്പെട്ട് സമീപവാസികള്‍ നിരവധി ഓഫീസുകളില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും എത്രയും വേഗം ഈ മദ്യവില്‍പന ശാല ഇവിടെ നിന്നും മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


أحدث أقدم