മന്ത്രി കെ.രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. അറസ്റ്റിലായത് കാച്ചാണി സ്വദേശി

 
തിരു : മന്ത്രി കെ.രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍.
കാച്ചാണി സ്വദേശി അജിത്തിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരെ ഭീഷണിയുണ്ടായെന്ന് കഴിഞ്ഞ ദിവസം പട്ടികജാതി വികസന ഡയറക്ടറേറ്റിലെ ഇ–ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി വെളിപ്പെടുത്തിയത്. ലാന്‍ഡ് ഫോണിലായിരുന്നു ഭീഷണി.
മോശം കാര്യങ്ങള്‍ ചെയ്യുന്നതു തടയാന്‍ തുടങ്ങിയതോടെ എതിര്‍പ്പുകള്‍ ശക്തമാകുകയാണെന്നും ഒരു ഇടനിലക്കാരന്‍ ഓഫിസില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ഇടനിലക്കാരനായി ഇയാള്‍ പണപ്പിരിവ് നടത്തിയതു ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഭീഷണികൊണ്ടു പിന്തിരിയില്ലെന്നും കൈയിട്ടു വാരുന്ന മാനസികാവസ്ഥയുള്ള ഉദ്യോഗസ്ഥരെ നേരിടുമെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരെ വച്ചു പൊറുപ്പിക്കില്ല.
പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കുള്ള സഹായങ്ങളില്‍ കൈയിട്ടു വാരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പാവപ്പെട്ടവരെ വഞ്ചിക്കുന്നവരോട് ഒരു പരിഗണനയും ഉണ്ടാകില്ലെന്നും മാന്യമായി പ്രവര്‍ത്തിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

أحدث أقدم