എട്ട് യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിൻ അംഗീകരിച്ചു


ന്യൂഡൽഹി : യൂറോപ്യൻ രാജ്യങ്ങൾക്ക് ഇന്ത്യ നൽകിയ മുന്നറിയിപ്പ് ഫലം കണ്ടു.
എട്ട് യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിൻ അംഗീകരിച്ചു. 

ജർമ്മനി, സ്ലോവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐലാൻഡ്, അയർലാൻഡ്, സ്‌പെയിൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് കൊവിഷീൽഡിന് ഗ്രീൻ പാസ് നൽകിയത്.

ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയന്റെ വാക്‌സിൻ പാസ്‌പോർട്ട് നയത്തിൽ ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിനേയും ഉൾപ്പെടുത്തി. ഇതോടെ കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഈ രാജ്യങ്ങളിലെ യാത്രകൾക്കുള്ള തടസ്സം നീങ്ങും. അംഗീകൃത വാക്‌സിന്റെ രണ്ട് ഡോസ് ലഭിച്ചവർക്ക് മാത്രമാണ് യൂറോപ്പിൽ സഞ്ചരിക്കാനുള്ള ഗ്രീൻ പാസ് അനുവദിക്കുകയുള്ളൂ. അല്ലാത്തവർ നിർബന്ധിത ക്വാറന്റീനിൽ പോകണമെന്നായിരുന്നു നിർദ്ദേശം.

ഇന്ത്യയിൽ നിർമ്മിക്കുന്ന കൊവിഷീൽഡും കൊവാക്‌സിനും ആദ്യം യൂറോപ്യൻ യൂണിയൻ അനുമതി നൽകിയിരുന്നില്ല. തുടർന്ന് അതേ നാണയത്തിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഇന്ത്യ നൽകിയിരുന്നു. 

ഇന്ത്യയിലേക്ക് വരുന്ന യുറോപ്യൻ യാത്രക്കാരുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. യൂറോപ്പിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധ ക്വാറന്റീൻ ഏർപ്പെടുത്തുമെന്നും ഇന്ത്യ നിലപാടെടുത്തിരുന്നു.

യൂറോപ്യൻ യൂണിയന്റെ നിലപാട് വാക്‌സിനുകൾ സ്വീകരിച്ച ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക കൂട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ  വാക്‌സിനുകൾ ഔദ്യോഗികമായി
അംഗീകരിക്കണമെന്ന ആവശ്യം ഉയർത്തപ്പെട്ടത്. കൂടാതെ കൊവിഷീൽഡിനെ വാക്‌സിനേഷൻ പാസ്‌പോർട്ടിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുറോപ്യൻ അധികൃതരുമായി ചർച്ച നടത്തിയിരുന്നു.




أحدث أقدم