കടുത്ത വാക്‌സിന്‍ ക്ഷാമം; പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇന്ന് വിതരണം ചെയ്യാന്‍ വാക്‌സിനില്ല



സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് കടുത്ത ക്ഷാമം. പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ വാക്‌സിന്‍ ഡോസ് തീര്‍ന്നതിനാല്‍ ഇന്ന് സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രമാകും വാക്‌സിനേഷന്‍ നടക്കുക. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴി ഇന്ന് വാക്‌സിനേഷന്‍ നടത്താനാകാത്ത സ്ഥിതിയാണുള്ളത്. ഈ ജില്ലകളില്‍ കോവിന്‍ പോര്‍ട്ടല്‍ വഴി സ്വകാര്യ ആശുപത്രികളില്‍ മാത്രമേ സ്ലോട്ട് നേടാനാകൂ. എറണാകുളം ജില്ലയിലും പത്തനംതിട്ട ജില്ലയിലും കൊവാക്‌സിന്‍ ഡോസുകള്‍ മാത്രമാണ് നിലവിലുള്ളത്.
ശനിയാഴ്ച 1522 വാക്‌സിന്‍ കേന്ദ്രങ്ങളിലായി 453339 പേര്‍ക്ക് വാക്‌സിന്‍ നല്‍കി സംസ്ഥാനം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. അവശേഷിച്ച രണ്ട് ലക്ഷത്തിലധികം സ്‌റ്റോക്ക് ഇന്നലെയും വിതരണം ചെയ്തിരുന്നു. സംസ്ഥാനത്തെ പലജില്ലകളിലും വാക്സിന്‍ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ മാസം 18 ന് ശേഷം സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭിച്ചിരുന്നു. ഈ വാക്‌സിന്‍ കാര്യക്ഷമമായി വിതരണം ചെയ്യുകയുണ്ടായി. അതിനാല്‍ തന്നെ ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ്. ഇന്ന് തിരുവനന്തപുരമുള്‍പ്പടെ പല ജില്ലകളിലും വാക്‌സിന്‍ നല്‍കാനില്ലാത്ത സാഹചര്യമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പല ജില്ലകളിലും കൊവിഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്ക് പൂജ്യമാണ്. പത്തനംതിട്ടയില്‍ കൊവാക്‌സിന്‍റെ 1000 ത്തോളം ഡോസ് ബാക്കിയുണ്ട്. സ്റ്റോക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഉടന്‍ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രം നല്‍കുന്ന വാക്സിന്‍ സംസ്ഥാനം വേണ്ട രീതിയിൽ വിതരണം ചെയ്യുന്നില്ലെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ വിമര്‍ശനത്തിനും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ‘കൊവിന്‍’ പോര്‍ട്ടലില്‍ നിന്ന് തന്നെ വാക്‌സിനേഷനെക്കുറിച്ചുള്ള കണക്കുകള്‍ മനസിലാക്കാവുന്നതാണ്. കേരളത്തിന് വാക്‌സിന്‍ ലഭ്യമാക്കേണ്ടവര്‍ തന്നെ ഇങ്ങനെ പറയുന്നതില്‍ നിര്‍ഭാഗ്യകരമാണ്. കേരളത്തില്‍ വളരെ സുതാര്യമായാണ് വാക്‌സിന്‍ വിതരണം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്നും ആര്‍ക്കും മനസിലാക്കാവുന്നതാണ്. അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത് ആവശ്യത്തിനനുസരിച്ച് കേരളത്തിന് വാക്‌സിന്‍ നല്‍കണമെന്നാണ്. വാക്‌സിന്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. കേന്ദ്രം വാക്‌സിന്‍ നല്‍കുന്ന മുറയ്ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
أحدث أقدم