ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ച സംഭവം; പ്രതി പിടിയിൽ, എന്നാൽ, മന:പൂർവമല്ലെന്ന് പ്രതി


കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നില്‍ നായയെക്കെട്ടിവലിച്ചുകൊണ്ടു പോയ സംഭവത്തിൽ കൂരോപ്പട  പുതുകുളം വീട്ടിൽ ജഹു കുര്യൻ പി തോമസിനെ(22) അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു.
പൊതുപ്രവര്‍ത്തകനായ ചക്കുപാറയില്‍ന്‍ സി.ഡി. ടോംസണ്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  സി.സി.ടി.വി  ദൃശ്യങ്ങൾ പരിശോധിച്ച്  പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. നായ് ചത്തു പോയതായും പൊലീസ് അറിയിച്ചു.
എന്നാൽ, മന:പൂർവമല്ലെന്നാണ് പ്രതി പൊലീസിനെ അറിയിച്ചിരിക്കുന്നത്. മഴ നനയാതിരിക്കാൻ ശനിയാഴ്ച രാത്രി വീട്ടിലെ പട്ടിയെ ടാറ്റാ സുമോയുടെ പിന്നിലായി പിതാവ് കെട്ടിയത്രെ. ഇതറിയാതെ താൻ രാവിലെ വാഹനവുമായി പുറത്തുപോകുകയായിരുന്നുവെന്നാണ് ജഹു പൊലീസിന് നൽകിയിരിക്കുന്ന മൊഴി
ഞായറാഴ്ച രാവിലെ 6.52 ഓടെയാണ് സംഭവം നടന്നത്. ളാക്കാട്ടൂരില്‍ നിന്ന് ചേന്നാമറ്റം-താളിക്കല്ല് റോഡിലൂടെ അതിവേഗത്തില്‍ എത്തിയ സില്‍വര്‍ ഗ്രീന്‍ നിറത്തിലുള്ള ടാടാ സുമോ ഗ്രാന്‍ഡെ  വാഹനത്തിന് പിന്നില്‍ തുടലില്‍ കെട്ടിയിട്ട നിലയില്‍ കറുത്ത നായയെ വലിച്ചിഴച്ചത്. ലോക്ഡൗണ്‍ ആയതുകൊണ്ടും രാവിലെ മഴപെയ്തതുകൊണ്ടും വഴിയില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നായയെ വണ്ടിയില്‍ കെട്ടിവലിച്ചുകൊണ്ടുപോകുന്നത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു.
തുടര്‍ന്ന് സമീപത്തുള്ള ചേന്നാമറ്റം വായനശാലക്ക് സമീപത്തുള്ള സിസിടിവി ദൃശ്യം പരിശോധിക്കുകയായിരുന്നു. അമിതവേഗത്തില്‍ പോകുന്ന വാഹനത്തിന് പിന്നില്‍ നായയെ കെട്ടിവലിക്കുന്നത് ദൃശ്യത്തിലുണ്ട്.
أحدث أقدم