കുവൈറ്റ് യാത്രാ വിലക്ക്; വിദേശത്ത് കുടുങ്ങിയത് അഞ്ചു ലക്ഷത്തിലേറെ പ്രവാസികൾ





റ്റിജോ എബ്രഹം
ന്യൂസ് ബ്യൂറോ കുവൈറ്റ്.

കുവൈറ്റ് സിറ്റി: ഏഴ് മാസത്തിലേറെയായി അധികൃതര്‍ തുടരുന്ന യാത്രാവിലക്കിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ തിരിച്ചെത്താനാവാതെ നാടുകളില്‍ കുടുങ്ങിയവര്‍ അഞ്ചു ലക്ഷത്തിലേറെ വരുമെന്ന് കണക്കുകള്‍. ഇവരിലേറെ പേരും ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരോ അറബ് നാടുകളിലുള്ളവരോ ആണെന്നും 'അല്‍ റായ് 'പത്രം റിപ്പോര്‍ട്ട് ചെയ്തു.

രണ്ടര ലക്ഷത്തോളം പേരുടെ വിസ റദ്ദായി

 കൊവിഡ് കാരണം നാടുകളില്‍ കുടുങ്ങിയവരില്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് ഇനി കുവൈറ്റിലേക്ക് തിരികെ വരാനാവില്ല. നാട്ടിലായിരിക്കുന്ന സമയത്ത് വിസ കാലാവധി തീര്‍ന്നവരോ ആറു മാസത്തിനകം വിദേശത്ത് കഴിഞ്ഞതിനാല്‍ വിസ റദ്ദാവുകയോ ചെയ്തതിനെ തുടര്‍ന്നാണിത്. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി വിസ പുതുക്കാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും പല സ്‌പോണ്‍സര്‍മാരും തൊഴിലുടമകളും ഇതിന് ആവശ്യമായ സൗകര്യം ഒരുക്കിയിരുന്നില്ല. ഇതിനു പുറമെ, കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി കാരണം പലര്‍ക്കും ജോലി നഷ്ടമാവുകയും ചെയ്തു.

മടക്ക യാത്രയും പ്രതീക്ഷിച്ച് 2.8 ലക്ഷം പേർ 

നാടുകളില്‍ കുടുങ്ങിയ അഞ്ച് ലക്ഷത്തിലേറെ പേരില്‍ 2.8 ലക്ഷത്തോളം പേര്‍ കാലാവധി കഴിയാത്ത വിസയുള്ളവരാണ്. ആഗസ്ത് ഒന്നു മുതല്‍ വിമാന വിലക്ക് അവസാനിക്കുന്ന മുറയ്ക്ക് കുവൈറ്റിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍ കഴിയുന്നത്. എന്നാല്‍ കുവൈറ്റില്‍ അംഗീകാരമുള്ള വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ കുവൈറ്റില്‍ തിരികെയെത്താനാവൂ എന്ന വ്യവസ്ഥ ഏറെ പേര്‍ക്കും വിനായകും. കൂടുതല്‍ വിദേശികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്താവുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം നിലവിലെ അയ്യായിരത്തില്‍ നിന്ന് പതിനായിരമായി ഉയര്‍ത്താനുള്ള നീക്കത്തിലാണ് അധികൃതരെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

വിസിറ്റ്, ടൂറിസ്റ്റ് വിസക്കാര്‍ക്ക് അനുമതിയില്ല

അതേസമയം, ചില രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസകള്‍, ഫാമിലി, കമേഴ്‌സ്യല്‍ വിസിറ്റ് വിസകള്‍ എന്നിവ കൈവശമുള്ളവര്‍ക്ക് യാത്രാ വിലക്ക് തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് കാര്യങ്ങള്‍ക്കായുള്ള സുപ്രിം കമ്മിറ്റിയുടെ പ്രത്യേക അനുവാദത്തോടെ മാത്രമേ ഇവര്‍ക്ക് യാത്രാനുമതി ലഭിക്കൂ. നിലവില്‍ ഗാര്‍ഹികത്തൊഴിലാളികള്‍ക്കു മാത്രമാണ് കുവൈറ്റ് പുതുതായി വിസ അനുവദിക്കുന്നത്.

أحدث أقدم