കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ് : ഇ ഡി കേസെടുത്തു





തൃശൂര്‍ : കരുവന്നൂര്‍ സഹകരണബാങ്കിലെ സാമ്പത്തിക തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം തടയല്‍ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ അടക്കം ആറുപേരാണ് പ്രതികള്‍. 

വായ്പാ നിക്ഷേപ തട്ടിപ്പു നടത്തിയ പണം ഉറവിടം വ്യക്തമാക്കാതെ എങ്ങനെ ചെലവഴിച്ചു എന്നാണ് ഇ ഡി അന്വേഷിക്കുന്നത്. 
തട്ടിപ്പു നടത്തിയവര്‍ പണം റിയല്‍ എസ്റ്റേറ്റ് ബിസിനസിലും റിസോര്‍ട്ട് തുടങ്ങാനും വിനിയോഗിച്ചതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു.  ഇതില്‍ പൊലീസില്‍ നിന്നും പ്രാഥമിക വിവര ശേഖരണം പൂര്‍ത്തിയാക്കിയശേഷമാണ് ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസിന്റെ എഫ്‌ഐആറിലുള്ളവരെയാണ് ഇഡിയും പ്രതിചേര്‍ത്തിട്ടുള്ളത്. 

ബാങ്ക് മുന്‍ സെക്രട്ടറിയും സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ സുനില്‍കുമാര്‍ ആണ് ഒന്നാം പ്രതി. ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീം, കിരണ്‍, ബിജോയ് തുടങ്ങിയവര്‍ കേസില്‍ പ്രതികളാണ്. 

അതിനിടെ, കരുവന്നൂര്‍ വായ്പ തട്ടിപ്പ് മുമ്പുതന്നെ സിപിഎമ്മിന് അറിയാമായിരുന്നു എന്നതിന്റെ തെളിവ് പുറത്തുവന്നു. 2018ല്‍ ഡിസംബര്‍ എട്ടിന് മാടായിക്കോണം ബ്രാഞ്ച് ചര്‍ച്ച ചെയ്യുന്നതിന്റെ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടു. 

ബിനാമി വായ്പയും മതിപ്പു വിലയേക്കാള്‍ കൂടുതല്‍ ഭൂമിക്ക് വായ്പ നല്‍കിയതും ചര്‍ച്ചയില്‍ വിഷയമാകുന്നുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നേരത്തെ അറിഞ്ഞില്ലെന്നായിരുന്നു സിപിഎം വ്യക്തമാക്കിയിരുന്നത്. 


أحدث أقدم