ബിജെപി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം; സി.പി.എം പഞ്ചായത്തംഗത്തിന്‍റെ ഭർത്താവ് അറസ്റ്റിൽ


ഇടുക്കി: ഫെയ്‌സ് ബുക്കിൽ കമന്‍റിട്ടതിന്‍റെ പേരിൽ ബി.ജെ.പി. പ്രവർത്തകനെ രാത്രിയിൽ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സി.പി.എം പഞ്ചായത്തംഗത്തിന്‍റെ ഭർത്താവ് അറസ്റ്റിൽ. തോവാളപ്പടി തൈക്കേരി പ്രകാശിനാണ് ഞായറാഴ്ച്ച രാത്രിയിൽ വെട്ടേറ്റത്. സംഭവത്തിൽ നെടുങ്കണ്ടം 10-ാം വാർഡ് മെമ്പർ രമ്യയുടെ ഭർത്താവ് കരുവാറ്റയിൽ ഷിജു (34)വാണ് അറസ്റ്റിലായത്. വാർഡ് മെമ്പർക്കെതിരെ ഫെയ്‌സ് ബുക്കിൽ കമന്‍റിട്ടതിനായിരുന്നു ആക്രമണം. പരുക്കേറ്റ പ്രകാശ് നിലവിൽ ചികിത്സയിലാണ്. ആക്രമണത്തിനു പിന്നിൽ സി.പി.എം ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ സി.പി.എം വാർഡ് മെമ്പറുടെ ഭർത്താവ് അറസ്റ്റിലാകുന്നത്. 

കോവിഡ് വാക്‌സിൻ വിതരണത്തിലെ അപാകത ചൂണ്ടിക്കാണിച്ചതാണ് പകയ്ക്ക് കാരണമായതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. സിപിഎം അനുഭാവികൾക്ക് മാത്രം കോവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നതിനെതിരെ ഫെയ്‌സ് ബുക്കിൽ ബിജെപി പ്രതികരണം നടത്തിയിരുന്നു. ഇതിൽ പ്രകാശ് കമന്‍റ് ചെയ്‌തതാണ് ആക്രമണത്തിൽ കലാശിച്ചത്. 

ഞായറാഴ്ച്ച ജീപ്പോടിച്ച് പോകുകയായിരുന്ന പ്രകാശിനെ ആറംഗ സംഘം ബൈക്കിൽ എത്തി വളഞ്ഞു നിർത്തിയ ശേഷം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൈയ്ക്ക് വടിവാൾ ഉപയോഗിച്ചുള്ള വെട്ടേറ്റു.  ഇട്ടിക്കട്ട പോലുള്ള വസ്തു കൊണ്ടു മുഖത്ത് ഇടിയേറ്റ പാടുമുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഷിജു. 

أحدث أقدم