ആനക്കാട്ടില്‍ അകപ്പെട്ട ദേശീയ ന്യൂനപക്ഷ കമീഷന്‍ അംഗത്തെയും കുടുംബത്തെയും അഗ്​നിരക്ഷാ സേന രക്ഷപ്പെടുത്തി






മൂന്നാർ: വഴിതെറ്റി ആനക്കാട്ടില്‍ അകപ്പെട്ട ദേശീയ ന്യൂനപക്ഷ കമീഷന്‍ അംഗത്തെയും കുടുംബത്തെയും രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവില്‍ അഗ്​നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി.

എറണാകുളം സ്വദേശി ഡോ. നവാബ് ബാജിദിനും കുടുംബത്തിനുമാണ് മൂന്നാര്‍ അഗ്​നി രക്ഷാ സേനാംഗങ്ങള്‍ തുണയായത്. എറണാകുളത്തുനിന്ന്​ ഒരു പ്രോജക്ടി​ൻ്റെ ഭാഗമായി മൂന്നാറില്‍ എത്തിയതായിരുന്നു ഡോ. നവാബ് ബാജിദും ഭാര്യയും ബന്ധുവും.

ടോപ്പ് സ്​റ്റേഷനില്‍നിന്ന്​ ശനിയാഴ്ച രാത്രി പത്ത് മണിക്ക് ഇവര്‍ കാറില്‍ തിരിച്ചു വരുമ്പോള്‍ മാട്ടുപ്പെട്ടിയില്‍ ​വെച്ച്‌ വഴിതെറ്റി കൊടുംകാട്ടിൽ എത്തുകയായിരുന്നു. കാര്‍ ചെളിയില്‍ പുതഞ്ഞതോടെ മുന്നോട്ടുള്ള യാത്രയും അസാധ്യമായി.

ഒടുവില്‍ ഫയര്‍ഫോഴ്​സില്‍ വിളിച്ച്‌​ തങ്ങളുടെ അവസ്ഥ വിവരിച്ചു. രാത്രി ഒരു മണിക്ക് ഇവരുടെ ഫോണ്‍വിളി എത്തിയത് തൊടുപുഴ അഗ്​നി രക്ഷാ നിലയത്തിലായിരുന്നു. അവിടെ നിന്ന്​ മൂന്നാറില്‍ വിളിച്ചറിയിച്ചതനുസരിച്ച്‌ അവര്‍ നവാബിനെ വിളിച്ച്‌ സ്ഥലം ചോദിച്ചു.
ഇവര്‍ വഴിതെറ്റി എത്തിയത് കുറ്റിയാര്‍വാലി വനത്തിലായിരുന്നു. പുലർച്ചെ സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കാര്‍ പുറത്തെത്തിക്കുകയായിരുന്നു.
Previous Post Next Post