എക്സെെസ് റിമാന്‍ഡ് ചെയ്ത പ്രതി മരിച്ചു; കസ്റ്റഡി കൊലപാതകമെന്ന് കുടുംബം മദ്യ ലഹരിയില്‍ കരുണാകരന്‍ സ്വയംശരീരംഭിത്തിയിടിക്കുകയായിരുന്നെന്നും എക്സെെസ് ഉദ്യോഗസ്ഥർ

 
 
 കാസര്‍ഗോഡ്: ബദിയഡുക്കയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു. ബെള്ളൂര്‍ കലേരി ബസ്തയിലെ കരുണാകരന്‍ (40) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജയിലില്‍ റിമാന്‍ഡിലായിരുന്ന കരുണാകരനെ കഴിഞ്ഞദിവം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനില ഗുരുതരമാവുകയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തുടര്‍ന്ന് പത്തുദിവസത്തോളം ഗുരുതരാവസ്ഥയിലായിരുന്നെന്നാണ് വിവരം
 കരുണാകരന്റെ മരണത്തില്‍ എക്‌സൈസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍വെച്ച് ഏറ്റ മര്‍ദനമേറ്റുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ അപസ്മാരത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നും കരുണാകരനെ മര്‍ദ്ധിച്ചിട്ടില്ലെന്നുമാണ് എക്‌സൈസ് അധികൃതരുടെ വിശദീകരണം. മദ്യ ലഹരിയില്‍ കരുണാകരന്‍ സ്വയം ശരീരം ഭിത്തിയിടിക്കുകയായിരുന്നെന്നും എക്സെെസ് ഉദ്യോഗസ്ഥർ പറയുന്നു. കരുണാകരന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായാണ് ഡോക്ടര്‍മാരുടെ നിഗമനം. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരിക്കും ഇന്‍ക്വസ്റ്റ് നടപടികള്‍. പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ ജൂലൈ 19നായിരുന്നു 17 ലിറ്റര്‍ മദ്യം അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് കര്‍ണ്ണാടക അതിര്‍ത്തിയില്‍വെച്ച് എക്സെെസ് കരുണാകരനെ അറസ്റ്റുചെയ്തത്. പരിയാരം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.


أحدث أقدم