നടി ശരണ്യ ശശി അന്തരിച്ചു


തിരുവനന്തപുരം: നടി ശരണ്യ ശശി അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍.ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു.

കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി ശരണ്യ ശശി കടന്നുപോവുന്നതെന്ന് സുഹൃത്തായ സീമ ജി നായര്‍ പറഞ്ഞിരുന്നു. കൊവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി മോശമായി. കീമോ ചെയ്യാനായി പോവാനിരിക്കവെയാണ് കൊവിഡ് ബാധിച്ചത്. ഇതിനെ തുടർന്നാണ് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റി ദിവസങ്ങള്‍ക്ക് ശേഷo കൊവിഡ് നെഗറ്റീവായി. അങ്ങനെയാണ് റൂമിലേക്ക് മാറ്റിയത്. അതിനിടയിലാണ് വീണ്ടും പനി വന്നത്. ന്യൂമോണിയ ആയതോടെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ,തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. രോഗകാലത്തും ദുരിതനാളുകളിലുമെല്ലാം ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീരിയല്‍ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്.നടി സീമ ജി നായരുടെ നേതൃത്വത്തില്‍ ശരണ്യക്കായി തിരുവനന്തപുരത്ത് ഒരു വീടും അടുത്തിടെ പണിതുനല്‍കിയിരുന്നു.



أحدث أقدم