ഒന്നര ലക്ഷം വാങ്ങുന്നത് മറ്റുള്ളവര്‍ക്കു കൂടി വേണ്ടി'; എംജി കോഴയില്‍ ജീവനക്കാരിയുടെ ഫോണ്‍ സംഭാഷണം പുറത്ത്





കോട്ടയം : എംജി സര്‍വകലാശാലയില്‍ കോഴവാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിലയിരുത്തലില്‍ വിജിലന്‍സ്. കൈക്കൂലി കേസില്‍ അറസ്റ്റിലായ ജീവനക്കാരി എല്‍സിയും പരാതിക്കാരിയും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പണം നല്‍കേണ്ട ഉദ്യോഗസ്ഥരുടെ പേരുകള്‍ അടക്കം സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 

എംബിഎ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കൈക്കൂലി വാങ്ങിയ സര്‍വകലാശാല അസിസ്റ്റന്റ് സി ജെ എല്‍സിയാണ് കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ പിടിയിലായത്. കോഴ ഇടപാടിലെ ബുദ്ധികേന്ദ്രം എല്‍സി മാത്രമല്ലെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചത്.

താന്‍ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ എംബിഎ സെക്ഷനിലെ മറ്റു ജീവനക്കാര്‍ക്ക് കൈമാറാനാണെന്ന് എല്‍സി പരാതിക്കാരിയോട് വിശദീകരിച്ചിരുന്നു. ഈ ഉദ്യോഗസ്ഥരുടെ പേരുകളും രണ്ടു മാസം മുന്‍പ് നടത്തിയ ഫോണ്‍ സംഭാഷണത്തിലുണ്ട്. സര്‍ട്ടിഫിക്കറ്റ് വിതരണത്തിനപ്പുറം പണം കൈപ്പറ്റി പരീക്ഷാഫലം തിരുത്തുന്നതിനുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ക്കും ഉദ്യോഗസ്ഥ മാഫിയ നേതൃത്വം നല്‍കുന്നതായും സൂചനയുണ്ട്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഡിവൈഎസ്പി എകെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രമക്കേട് നടന്ന എംബിഎ സെക്ഷനിലെ രേഖകള്‍ പരിശോധിക്കുന്ന സംഘം മറ്റു ജീവനക്കാരെയും ചോദ്യം ചെയ്യും.

ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് എല്‍സിയുടെ നിയമനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍വകലാശാല തീരുമാനിച്ചത്. താല്‍ക്കാലിക ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലിയില്‍ പ്രവേശിച്ച എല്‍സിക്ക് 2009ല്‍ പ്യൂണായി സ്ഥിരം നിയമനം ലഭിച്ചു. ഏഴ് വര്‍ഷത്തിനകം അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റവും. പ്യൂണ്‍ പ്രൊമോഷന്‍ വ്യവസ്ഥ തിരുത്തിയാണ് എല്‍സിയുടെ നിയമനമെന്നാണ് ആക്ഷേപം. നിയമനം സംബന്ധിച്ച രേഖകളും വിജിലന്‍സ് പരിശോധിക്കും.

أحدث أقدم