തലച്ചോറിന് ആഘാതമുണ്ടായോയെന്ന് പരിശോധിക്കണം,48 മണിക്കൂർ നിർണായകം, വാവ സുരേഷിൻ്റെ നിലയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ






കോട്ടയം: മൂര്‍ഖന്‍ പാമ്പിൻ്റെ കടിയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് വെന്റിലേറ്ററില്‍ തുടരും. അടുത്ത 48 മണിക്കൂർ നിർണ്ണായകം ആണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

തലച്ചോറിന് ആഘാതം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.എത്രമാത്രം സമയം തലച്ചോറിലേക്ക് രക്തയോട്ടം ഉണ്ടായില്ല എന്നതെല്ലാം വിലയിരുത്തിയ ശേഷം മാത്രമേ തുടർ ആരോഗ്യ പ്രശ്‌നങ്ങൾ എന്തെല്ലാം ഉണ്ടാകാം എന്നതിനെ കുറിച്ച് അറിയാൻ സാധിക്കൂവെന്നും കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ ടി.കെ ജയകുമാർ വാാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

 ചൊവ്വാഴ്ച രാവിലെ ചോദ്യങ്ങളോട് പ്രതികരിക്കുകയും കാല് അനക്കുകയും ഒക്കെ ചെയ്ത വാവ സുരേഷ് ഇന്നലെ വൈകിട്ടോടെ വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തുകയായിരുന്നു. രാത്രിയും വലിയ പുരോഗതിയുണ്ടായില്ല. എന്നാൽ ഇന്ന് രാവിലെയോടെ ചെറിയ തോതിൽ പ്രതികരണം തിരിച്ചു വന്നതായി ആശുപത്രി അധികൃതർ അല്പം മുൻപ് പറഞ്ഞു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയില്‍ ആയെങ്കിലും തലച്ചോറിൻ്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയില്ല.

ആദ്യ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് പൾസ് റേറ്റ് കുറഞ്ഞിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ഹൃദയമിടിപ്പ് 20 മാത്രമായിരുന്നു. എത്രമാത്രം സമയം തലച്ചോറിലേക്ക് രക്തയോട്ടം ഉണ്ടായില്ല എന്നതെല്ലാം വിലയിരുത്തിയ ശേഷം തലച്ചോറിലേക്ക് എത്തുന്ന ഞരമ്പുകൾക്ക് എത്രമാത്രം മോശമായി ബാധിച്ചു എന്നത് പരിശോധിക്കണം.

തലച്ചോറിൽ ആഘാതം സംഭവിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ച് അറിഞ്ഞതിനു ശേഷം ആയിരിക്കും വെൻറിലേറ്റർ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.

ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് സുരേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടൻ തന്നെ ആന്റിവെനം നൽകിയിരുന്നു.


أحدث أقدم