സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ് 5 ലക്ഷം കെയ്സ് മദ്യം ; പൊട്ടിച്ചൊഴിച്ചാൽ മരവും ഉണങ്ങും



തിരുവനന്തപുരം : ∙ കാലാവധി കഴിഞ്ഞ മദ്യം കെട്ടിക്കിടക്കുന്നതിനാൽ ബവ്റിജസ് കേ‍ാർപറേഷന്റെ ഗേ‍ാഡൗണുകളിലും ചില ഔട്ട്‌ലെ‌റ്റുകളിലും പുതിയ സ്റ്റോക്ക് വയ്ക്കാൻ സ്ഥലമില്ലാത്ത സ്ഥിതി. ഉപയേ‍ാഗശൂന്യമായ മദ്യം നശിപ്പിക്കാൻ വൈകുന്നതിനാൽ വലിയ തേ‍ാതിലാണ് അതു പലയിടത്തും കെട്ടിക്കിടക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 5,13,253 കെയ്സ് മദ്യമാണ് നശിപ്പിക്കാനുള്ളത്. 

ഇറക്കിവയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ, പുതിയ മദ്യവുമായി മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ ലേ‍ാറികൾ ഗേ‍ാഡൗണുകളുടെയും ഷേ‍ാപ്പുകളുടെയും സമീപത്ത് മാസങ്ങളായി നിർത്തിയിടേണ്ടിവരുന്നത് സുരക്ഷാപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇങ്ങനെയുളള പല സ്ഥലങ്ങളിലും മദ്യം മേ‍ാഷണം പോയിരുന്നു.
കാലാവധി കഴിഞ്ഞ മദ്യം മാറ്റുന്നത് അനിശ്ചിതമായി നീളുന്നതിനാൽ പുതിയ സ്റ്റോക്ക് ഇറക്കാൻ കഴിയാത്തത് ചില പ്രധാന ഷേ‍ാപ്പുകളിലെ വിൽപനയെ ബാധിക്കുന്നതായും പരാതിയുണ്ട്.

 കെട്ടിക്കിടക്കുന്ന മദ്യത്തിൽ നല്ലെ‍ാരുപങ്കും ബീയറാണ്. അതിന്റെ കാലാവധി ആറു മാസം മാത്രമാണ്. മറ്റു മദ്യങ്ങൾ പലതും കൂടുതൽ കാലം സൂക്ഷിക്കാനാകും. വില കുറഞ്ഞ മദ്യത്തിന് പെട്ടെന്ന് പൂപ്പൽ വരും. 

മേഖല തിരിച്ചാൽ, മധ്യമേഖലയിലെ ഏഴു ഗേ‍ാഡൗണുകളിലായി 3,44,397 കെയ്സും ഉത്തരമേഖലയിലെ ഏഴു ഗേ‍ാഡൗണുകളിൽ 1,68,846 കെയ്സുമാണ് കെട്ടിക്കിടക്കുന്നത്.

 എറണാകുളത്താണ് കൂടുതൽ– 80655 കെയ്സ്. തിരുവനന്തപുരം –74,458, കെ‍ാല്ലം – 40648, പത്തനംതിട്ട– 49,471, ആലപ്പുഴ–19266, കേ‍ാട്ടയം– 60,101, ഇടുക്കി– 19,798, തൃശൂർ –51.476 പാലക്കാട് –32,150, മലപ്പുറം– 21,882, മലപ്പുറം– 25,122, വയനാട്– 7,821, കണ്ണൂർ– 17, 187, കാസർകേ‍ാട്– 17,187 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. ഇതിൽ ചിലയിടങ്ങളിൽ പഴയ മദ്യം  ചെറിയ തോതിൽ നശിപ്പിച്ചിട്ടുണ്ട്. 

തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർമില്ലിലുളള പ്ലാന്റിലാണ് കാലാവധി കഴിഞ്ഞ മദ്യം നശിപ്പിക്കാൻ നിലവിൽ പ്രത്യേക സംവിധാനമുളളത്. മദ്യത്തിൽ നേരിയ തേ‍ാതിലുളള പ്രശ്നം കണ്ടെത്തിയാൽപോലും അത് ‘ഡെഡ് സ്റ്റേ‍ാക്ക്’ എന്ന ഗണത്തിൽപ്പെടുത്താനാണ് തീരുമാനം. സംശയം തേ‍ാന്നുന്ന ബേ‍ാട്ടിലുകളിലെ മദ്യം രാസപരിശേ‍ാധനയ്ക്ക് അയയ്ക്കാനും വ്യവസ്ഥയുണ്ട്.
സ്റ്റേ‍ാക്ക് എടുക്കുമ്പേ‍ാഴാണ് ഉപയേ‍ാഗശൂന്യമായ കെയ്സുകൾ തരംതിരിക്കുന്നത്. ഇവ സമയബന്ധിതമായി ഒഴിവാക്കിയില്ലെങ്കിൽ പുതിയ സ്റ്റേ‍ാക്ക് ഗേ‍ാഡൗണിൽ സൂക്ഷിക്കാൻ കഴിയില്ല. 

മധ്യമേഖലയിൽ ഏറണാകുളം വെങ്ങേ‍ാലയിലെ വലിയ ഗേ‍ാഡൗണിൽ സ്ഥലമില്ലാത്തതിനാൽ ഏതാണ്ട് 20 ലേ‍ാഡ് മദ്യമാണ് ദിവസങ്ങളായി പുറത്തുകിടക്കുന്നത്. പലയിടത്തും ഇതാണ് സ്ഥിതിയെന്ന് ജീവനക്കാർ പറയുന്നു. 

കൺസ്യൂമർഫെഡിന്റെ ഔട്ട്‌ലെറ്റുകളെയും ഈ പ്രശ്നം ബാധിക്കുന്നുണ്ട്. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറിയിലെ (എംഡിഎൽ) കാലാവധി കഴിഞ്ഞ മദ്യം നശിപ്പിക്കാൻ ഉടൻ അനുമതി കെ‍ാടുക്കുമെന്നാണു സൂചന. ഇവിടുത്തെ പഴയ സ്റ്റേ‍ാക്ക് നശിപ്പിക്കാതായിട്ടു കുറച്ചുകാലമായി. അതിനു ശേഷം വന്ന ലോഡുകൾ കെട്ടിക്കിടക്കുകയാണ്. അവ സുരക്ഷിതമായി സൂക്ഷിക്കാനും ബവറ്ജിസ് കേ‍ാർപറേഷന് വലിയ ചെലവുണ്ട്. എംഡിഎല്ലിൽ മദ്യം നശിപ്പിക്കാൻ പ്രത്യേക സംവിധാനമില്ലെന്നതിനാൽ സ്റ്റേ‍ാക്ക് ട്രാവൻകൂർ ഷുഗർമില്ലിലേക്കു കെ‍ാണ്ടുപേ‍ായേക്കും. അവിടെ സൂക്ഷിക്കാൻ കൂടുതൽ സ്ഥലമുണ്ടെന്നതാണ് ബവ്കേ‍ായുടെ ആശ്വാസം 

പെ‍ാട്ടിച്ചെ‍ാഴിക്കണം, മരവും ഉണങ്ങും.

കാലാവധി കഴിഞ്ഞ മദ്യം നശിപ്പിക്കുന്നതും മെനക്കെട്ട പണിയാണ്. ബേ‍ാട്ടിലുകൾ തുടർച്ചയായി പെ‍ാട്ടിച്ചെ‍ാഴിച്ചാൽ പരിസരത്തുള്ള ചെടികളും മരങ്ങളുമൊക്കെ കരിയാറുണ്ട്. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർമില്ലിനേ‍ാടനുബന്ധിച്ചുളള പ്രത്യേക പ്ലാന്റിലാണ് ഇത്തരം മദ്യം നശിപ്പിക്കാറ്. കെയ്സിലെ ഓരേ‍ാ കുപ്പിയും പെ‍ാട്ടിച്ച് മദ്യം ഒഴിച്ചുകളയുന്നതാണ് രീതി. ഇത് മരങ്ങളുടെ ചുവട്ടിൽ കൂടുതൽ ഒഴിച്ചാൽ അത് ഉണങ്ങുമെന്നു അധികൃതർ പറയുന്നു. ബേ‍ാട്ടിലുകൾ പെ‍ാട്ടിച്ചെ‍ാഴിക്കാൻ പരിശീലനം ലഭിച്ച തെ‍ാഴിലാളികളെയും നിയമിക്കാറുണ്ട്.


أحدث أقدم