പെണ്‍മക്കളുടെ വിവാഹം നടത്തി, കടം കയറി, ബസ് ഷെല്‍ട്ടറില്‍ കഴിഞ്ഞ് 61 - കാരൻ





തെങ്കാശി :  മക്കളെ കെട്ടിച്ചയക്കാൻ കിടപ്പാടം വരെ വിൽക്കുന്ന ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. പിന്നീട്, ആ പ്രായമായ മാതാപിതാക്കൾ അത് വീട്ടാനാകാതെ ദുരിതപ്പെടുന്നതും പലപ്പോഴും കാണാം. 61 -കാരനായ മാടസാമിയുടെ അവസ്ഥയും ഇപ്പോൾ അത് തന്നെയാണ്. 

മാടസ്വാമിക്ക് രണ്ട് പെൺമക്കളായിരുന്നു. അവരെ വിവാഹം കഴിപ്പിച്ച് അയച്ചതോടെ വലിയ കടക്കെണിയിൽ അകപ്പെട്ടു.  ഒടുവിൽ കടബാധ്യതകൾ തീർക്കാൻ സാധിക്കാതെ വന്നപ്പോൾ കഷ്ടപ്പെട്ട് സമ്പാദിച്ച വീട്  വിട്ടുകൊടുക്കേണ്ടി വന്നു. ഇപ്പോൾ ഗ്രാമത്തിലെ ബസ് സ്റ്റോപ്പാണ് അദ്ദേഹത്തിന്റെ ഏകാശ്രയം. കിടപ്പും, ഇരിപ്പുമൊക്കെ അവിടെ തന്നെ.    

തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ആനയപ്പപുരം ഗ്രാമത്തിലാണ്  അദ്ദേഹമുള്ളത്. അവിടത്തെ ഒരു ബസ് ഷെൽട്ടറിലാണ് ഇപ്പോൾ താമസിക്കുന്നത്. മാടസാമിയുടെ ഭാര്യ അഞ്ച് വർഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ പെൺമക്കൾ വീട്ടിൽ നിന്ന് മാറി ദൂരെയുള്ള ദിക്കുകളിലാണ് താമസിക്കുന്നത്. 

അച്ഛന്റെ ദുരിതം കണ്ടിട്ടും രണ്ടു പെൺമക്കളും സഹായിക്കാൻ തയ്യാറായിട്ടില്ല. ഗ്രാമത്തിലെ ജനപ്രിയ നാടോടി ഗായകനാണ് അദ്ദേഹം. വിവാഹസമയത്തും മറ്റ് ചടങ്ങുകളിലും അദ്ദേഹത്തെ ആളുകൾ പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കുമായിരുന്നു.  

“ജീവിതം എനിക്ക് ഇങ്ങനെയൊരു ദുർവിധി കാത്തുവച്ചിരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ സന്തോഷത്തോടെയാണ് ജീവിച്ചത്. എന്റെ ഗ്രാമത്തിൽ ഞാൻ ജനപ്രിയനായിരുന്നു. എന്റെ ഭാര്യയുടെ മരണശേഷം, ഞാൻ ശാരീരികമായും മാനസികമായും തളർന്നു. എന്റെ കടങ്ങൾ വർദ്ധിച്ചു. കടങ്ങൾ തീർക്കാൻ വീട് വിൽക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു" അദ്ദേഹം  പറഞ്ഞു.

കൈയിൽ പത്ത് പൈസയില്ലാത്ത  ഇപ്പോൾ ബാങ്ക് അക്കൗണ്ടുമില്ല. സ്വന്തമായ മേൽവിലാസമോ, ബാങ്ക് അക്കൗണ്ടോ ഇല്ലാത്തതിനാൽ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലിക്ക് പോകാനും കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് ആധാർ കാർഡും റേഷൻ കാർഡും വോട്ടർ ഐഡി കാർഡും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  

കുറച്ച് വസ്ത്രങ്ങളും ഒരു ടിഫിൻ ബോക്സും വെള്ളക്കുപ്പികളും മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കൈയിലുള്ള ആകെ സമ്പാദ്യം. പകൽ സമയത്ത് അദ്ദേഹം കൃഷിയിടങ്ങളിൽ പണിയ്ക്ക് പോകുന്നു. എന്നാൽ ചില ദിവസങ്ങളിൽ പണി ഒന്നും കിട്ടില്ല. അന്ന് ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കും അദ്ദേഹം തെരുവ് തോറും നടന്ന് ഭിക്ഷ യാചിക്കുന്നു. "കാര്യങ്ങൾ വളരെ കഷ്ടമാണ്., ആരും എന്നെ സഹായിക്കുന്നില്ല," മാടസാമി പറഞ്ഞു.

 വീട്ടുവിലാസമില്ലാതെ അദ്ദേഹത്തിന് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ല എന്നതുകൊണ്ട് തന്നെ വാർദ്ധക്യ പെൻഷനും ലഭിക്കില്ല. തെങ്കാശി ജില്ലാ അധികാരികളുമായി ഐഎഎൻഎസ് ബന്ധപ്പെട്ടപ്പോൾ, തങ്ങൾ മാടസാമിയുടെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും തൊഴിലുറപ്പ് പദ്ധതി വഴി ജോലിയും, വാർദ്ധക്യകാല പെൻഷനും ലഭിക്കുന്നതിനാവശ്യമുള്ള കാര്യങ്ങൾ ഉടനെ ചെയ്യുമെന്നും പറഞ്ഞു.
 

أحدث أقدم