യൂണിഫോം ഡ്രസ് കോഡ് പാലിച്ചില്ല; കുട്ടികളെ മർദ്ദിച്ച കായിക അധ്യാപകൻ പൊലീസ് പിടിയിൽ







കൂത്തുപറമ്പ് (കണ്ണൂർ) : യൂണിഫോം ഡ്രസ് കോഡ് പാലിക്കാത്തതിന് മൂന്ന് വിദ്യാർത്ഥിനികളെ മർദ്ദിച്ച കായിക അധ്യാപകനെ പൊലീസ് അറസ്റ് ചെയ്തു.. 

വെളുത്ത തട്ടത്തിന് പകരം കറുത്ത ഷാള്‍ ധരിച്ചെത്തിയതിന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ചതിന് രക്ഷിതാക്കളുടെ പരാതിയിലാണ് 
തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ നിധിനെ  അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിനെ തുടർന്ന് അധ്യാപകനെ അന്വേഷണ വിധേയമായി രണ്ടാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന മെരുവമ്പായി, മൂര്യയാട് സ്വദേശിനികളായ മൂന്ന് വിദ്യാര്‍ഥിനികളെയാണ് അധ്യാപകൻ   മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികള്‍ പരിക്കുകളോടെ കുത്തുപറമ്പ് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വെളുത്ത ഷാളിന് പകരം കറുപ്പ് ഷാള്‍ ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന്  രക്ഷിതാക്കൾ  പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 
വടികൊണ്ട് മര്‍ദ്ദിച്ചതിനു പുറമെ കസേരകൊണ്ടും മര്‍ദ്ദിച്ചതായി കുട്ടികളും പറഞ്ഞു. 

വിദ്യാര്‍ഥിനികളെ അകാരണമായി മര്‍ദ്ദിച്ച കായിക അധ്യാപകന്‍ നിധിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന ആവശ്യം രക്ഷിതാക്കൾ ഉന്നയിച്ചിട്ടുണ്ട്.

 .


أحدث أقدم