ബാങ്കിൽ നിന്ന് ഇറങ്ങിയ സ്ത്രീയെ ഓട്ടോയിൽ കയറ്റി, പരിചയപ്പെടുന്നതിനിടെ ബാ​ഗിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടി; നാല് യുവതികൾ അറസ്റ്റിൽ



പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: സംഘം ചേർന്ന് പണം തട്ടിയ കേസിൽ നാല് സ്ത്രീകൾ അറസ്റ്റിൽ. മോഷണത്തിന് ഇവരെ സഹായിച്ച ഓട്ടോ ഡ്രൈവറും ഇയാളുടെ ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് യുവതികൾക്കൊപ്പം ഇ-റിക്ഷയിൽ യാത്ര ചെയ്തപ്പോൾ തന്റെ ബാഗിൽ നിന്ന് ഒരു ലക്ഷം രൂപ മോഷണം പോയതായി മായാ ദേവി എന്ന സ്ത്രീ പരാതിപ്പെട്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാലം​ഗ സംഘം പിടിയിലായത്. ‍

മംമ്ത, വർഷ, സുഷമ, ശ്വേത എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈയിൽ നിന്ന് ഒരു ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.  

ഡ്രൈവർ ദിനേശിന്റെ വീട് റെയിഡ് ചെയ്താണ് പൊലീസ് പ്രതികളിലേക്കെത്തിയത്. നാല് സ്ത്രീകൾ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കല്യാണവീടുകളിലടക്കം ഇവർ മോഷണം നടത്താറുണ്ടെന്നും ദിനേശ് പൊലീസിനോട് പറഞ്ഞു. നേരത്തെ നിശ്ചയിച്ചുറപ്പിക്കുന്ന സ്ഥലത്തുവച്ചാണ് ദിനേശും സ്ത്രീകളും കണ്ടുമുട്ടുന്നത്. തന്റെ ഓട്ടോറിക്ഷ ഇവർ ദിവസവാടകയ്ക്കാണ് എടുത്തിരുന്നതെന്നും ഇതിനായി 1500 രൂപ വീതം നൽകുമെന്നും അയാൾ പറഞ്ഞു. 

മായാ ദേവി ബാങ്കിൽ നിന്ന് പണവുമായി വരുന്നത് കണ്ടാണ് സംഘം പദ്ധതി തയ്യാറാക്കിയത്. ദിനേശ് തന്റെ ഓട്ടോ ബാങ്കിന് മുന്നിലായി നിർത്തിയിട്ടു. സ്ത്രീകളിൽ മൂന്നുപേർ മായാദേവിക്കൊപ്പം ഓട്ടോയിൽ കയറി. ഒരാൾ ഇവരെ പിന്തുടർന്നു. സുഷമയും വർഷയും മായയുമായി സംസാരിച്ചിരിക്കെ മമ്ത തന്ത്രപരമായി ബാഗ് ബ്ലെയിഡ് ഉപയോഗിച്ച് തുറന്ന് പണം തട്ടിയെടുത്തു. ഇതിനുപിന്നാലെ ഓട്ടിയിൽ നിന്നിറങ്ങിയ മൂന്നുപേരും അവിടേനിന്ന് കടന്നുകളഞ്ഞു.


أحدث أقدم