ഇനി ഒന്നാം ക്ലാസ്സിൽ ചേരാൻ ആറ് വയസ് തികയണം



തിരുവനന്തപുരം : പുതിയ അദ്ധ്യയനവര്‍ഷം മുതല്‍ 6 വയസ്സ് തികയാത്ത കുട്ടികള്‍ക്ക് ഒന്നാം ക്ലാസില്‍ ചേരാനാകില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്.

 കേരളവും ഇതനുസരിച്ചുള്ള തയാറെടുപ്പ് തുടങ്ങി. നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും അഞ്ച് വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. കേന്ദ്ര നയം നടപ്പാക്കുമ്പോള്‍ ഈ ഇളവ് സാധിക്കില്ല.

 നിലവില്‍ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഇക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു. കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച്‌ 1 മുതല്‍ 5 വരെ ക്ലാസുകള്‍ പ്രൈമറിയും 6 മുതല്‍ 8 വരെ യു.പിയും 9,10 ക്ലാസുകള്‍ ഹൈസ്കൂള്‍ വിഭാഗവുമാണ്. 9 മുതല്‍ 12 വരെ ക്ലാസുകള്‍ ഒരു വിഭാഗമായി കണക്കാക്കാനും ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദ്ദേശമുണ്ട്. 

കേരളത്തില്‍ ഹൈസ്കൂള്‍ - ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണ്.



أحدث أقدم