യുവതിയെ ചെടി നഴ്‌സറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.






തിരുവനന്തപുരം : കുറുവൻകോണത്ത് യുവതിയെ ചെടി നഴ്‌സറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.

നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്. ദൃശ്യത്തിലുള്ള വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. 

കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 നും 12 നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ സമയത്ത് കടയിൽ എത്തിയ ആളുടെ ദൃശ്യമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഏകദേശം 20 മിനിറ്റോളം കഴിഞ്ഞാണ് ഇയാൾ കടയിൽ നിന്നും പുറത്തിറങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കൈയ്യിൽ മുറിവും കണ്ടെത്തിയിരുന്നു. ഇതാണ് ഇയാൾക്കെതിരെയുള്ള സംശയം കൂടുതൽ ബലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് സ്വദേശിയായ വിനീതയെ കടയ്‌ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അമ്പലമുക്കിൽ ചെടി വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു ഇവർ. കട അവധിയായതിനാൽ നഴ്സറിയിൽ ചെടികൾ നനയ്‌ക്കാൻ എത്തിയതാണ് വിനീത. കടയുടെ പിൻഭാഗത്താണ് വിനീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടതായാണ് വിവരം. കടയിലെത്തിയ ശേഷം വിനീത അച്ഛനെ വിളിച്ചിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് അച്ഛൻ വെളിപ്പെടുത്തിയിരുന്നു.

യുവതിയുടെ നാലരപ്പവന്റെ മാല മോഷണം പോയിട്ടുണ്ടെന്നാണ് വീട്ടുകാരുടെ പരാതി. എന്നാൽ കടയിലെ കളക്ഷൻ പണമായ 25,000 രൂപ വിനീതയുടെ ഹാൻഡ് ബാഗിലുണ്ടായിരുന്നു. അതിനാൽ മോഷണ ശ്രമമല്ല കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.




أحدث أقدم