വെമ്പായത്ത് കത്തിയെരിഞ്ഞത് ഒരു പ്രവാസിയുടെ ദീർഘകാല സ്വപ്നം; കോടികളുടെ നഷ്ടം, ഒപ്പം ഒരു ജീവനും

വെമ്പായത്ത് തീ പിടിത്തത്തിൽ നശിച്ചത് ഒരു പ്രവാസിയുടെ ദീർഘകാല സ്വപ്നം. കന്യാകുളങ്ങര സ്വദേശി നിസാറുദ്ദീൻ കോവിഡ്കാലത്തെ പ്രതിസന്ധിയിലും പിടിച്ചു നിന്നത് നാട്ടിൽ ഒരു സ്ഥാപനം തുടങ്ങണമെന്നും നാട്ടുകാർക്ക് ജോലി നൽകണമെന്നുമുള്ള അടങ്ങാത്ത ആഗ്രഹമാണ്. തുടർന്ന് വെമ്പായം കേന്ദ്രമാക്കി എഎൻ ഹൈപ്പർമാർക്കറ്റ് 3 മാസം മുൻപ് ആരംഭിക്കുകയായിരുന്നു.വിവിധ സ്ഥലങ്ങളിൽ നിന്നും വായ്പകൾ തരപ്പെടുത്തിയും കയ്യിലുള്ള സമ്പാദ്യം ഉപയോഗിച്ചും പെയിന്റ്, സാനിട്ടറി ഉപകരണങ്ങൾ തുടങ്ങി ഒരു വീടിന്റെ നിർമാണത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ സജീകരിച്ചായിരുന്നു കട പ്രവർത്തനം ആരംഭിച്ചത്.
നിസാറുദ്ദീൻ വിദേശത്തായതിനാൽ ഭാര്യ ഹസീനയാണ് കടയുടെ മേൽനോട്ടം വഹിച്ചിരുന്നത്. ശനി രാത്രി 5 മണിക്കൂർ കൊണ്ട് കത്തിയമർന്നത് ഒരു പ്രവാസിയുടെ എല്ലാ സമ്പാദ്യവുമായിരുന്നു. കോടികളുടെ നഷ്ടമുണ്ടാവുകയും ഒരാളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്ത സംഭവത്തിൽ കുടുംബത്തിന്റെ ഭീതി ഇനിയും മാറിയിട്ടില്ല. മന്ത്രി ജി.ആർ.അനിൽ, അടൂർ പ്രകാശ് എംപി, ഡി.കെ. മുരളി എംഎൽഎ തുടങ്ങി വിവിധ രാഷ്ട്രീയ നേതൃത്വം വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
. വെമ്പായം എഎൻ ഹൈപ്പർ മാർക്കറ്റിൽ ശനി രാത്രി 8ന് ഉണ്ടായ തീപിടിത്തം പുലർച്ചെ രണ്ടു വരെ ശ്രമിച്ചതിനു ശേഷമാണ് നിയന്ത്രണവിധേയമായത്. കടയിൽ കൂടുതലും വീട് നിർമാണത്തിനാവശ്യമായ സാധനങ്ങളും പെയിന്റ്, വാർണിഷ്, ടിന്നർ, ടർപ്പന്റയിൻ തുടങ്ങിയവയുമായിരുന്നു. ശനിയാഴ്ച വൈകിട്ട് കെട്ടിടത്തിന്റെ അടിയിലുള്ള നിലയിൽ വെൽഡിങ് ജോലികൾ നടന്നിരുന്നു.
ഇതുകാരണം ചൂടുള്ള തീപ്പൊരികൾ വീണതോ വെൽഡിങ് നടക്കുന്നതിനിടയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീയുണ്ടായതോ ആകാമെന്നാണു സംശയിക്കുന്നതെന്നു അധികൃതർ പറയുന്നു. കടയിൽ സാധനങ്ങൾ മാത്രം 5 കോടി രൂപയോളം വില വരുമെന്നും ആകെ 10 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടാകാമെന്നുമാണു സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറയുന്നത്
തീപിടിച്ചതിനെത്തുടർന്നുള്ള കഠിനമായ ചൂടിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര വിണ്ടു കീറുകയും കമ്പികൾ പുറത്തു വരികയും ചെയ്തിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്ത തരത്തിൽ കെട്ടിടത്തിനു നാശം സംഭവിച്ചിട്ടുണ്ടെന്നു വിദഗ്ധർ പറയുന്നു. അപകട സമയത്തു ഉപയോഗിക്കാനുള്ള അഗ്നിരക്ഷാ ഉപകരണങ്ങൾ ഇല്ലാതിരുന്നത് തീ പടരുന്നതിനു കാരണമായി. 
أحدث أقدم