വിസി പുനര്‍നിയമനത്തിന് മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും; തനിക്ക് പങ്കില്ല- ഗവര്‍ണര്‍




തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് വിസിയുടെ പുനര്‍നിയമനമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 

പുനര്‍നിയമനത്തിന് മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. പുനര്‍നിയമനം ആവശ്യപ്പെട്ട് നവംബര്‍ 21ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെകെ രവീന്ദ്രനാഥ് തന്നെ സമീപിച്ചതായും വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനാണ് സര്‍ക്കാരിന് താത്പര്യമെന്ന് അറിയിച്ചതായും ഗവര്‍ണര്‍ പറയുന്നു. 

ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക കത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്ന് രാജ്ഭവനില്‍ വൈകാതെ എത്തുമെന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളാണ് അദ്ദേഹം പുറത്തുവിട്ടത്. 

ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കുന്ന വിഷയത്തില്‍ തനിക്ക് വ്യത്യസ്ത നിലപാടുണ്ടായിരുന്നു. നിയമപരമായി ഇതിന്റെ സാധ്യതകള്‍ സംബന്ധിച്ച് അന്നുതന്നെ താന്‍ സംശയം പ്രകടിപ്പിച്ചതായും അദ്ദേഹം പറയുന്നു. പുതിയ വിസിയെ നിയമിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് നടപടിക്രമങ്ങള്‍ മുന്നോട്ടു പോകുന്ന ഘട്ടത്തില്‍ ഇത്തരത്തില്‍ പുനര്‍നിയമനം നല്‍കിയാല്‍ അതിന് നിയമപരമായി സാധുതയുണ്ടോ എന്ന കാര്യമാണ് താന്‍ പ്രകടിപ്പിച്ചത്. 

അതേസമയം ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചിരുന്നുവെന്നും പുനര്‍നിയമനം നിയമപരമായി നില്‍ക്കുമെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തനിക്ക് മറുപടിയും നല്‍കി. ഇക്കാര്യം വ്യക്തമാക്കുന്ന ടൈപ്പ് ചെയ്ത കടലാസുകള്‍ തനിക്ക് കൈമാറിയെന്നും നിയമോപദേഷ്ടാവ് പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് കിട്ടിയ കടലാസില്‍ ഒപ്പില്ലായിരുന്നു. ഇക്കാര്യം അപ്പോള്‍ തന്നെ നിയമോപദേഷ്ടാവിനെ താന്‍ കാണിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറയുന്നു. 

أحدث أقدم