കരിമീൻ മപ്പാസും താറാവു കറിയും കൂട്ടി കുശാലായി തട്ടി! പണം നൽകാതെ മുങ്ങാൻ ശ്രമം; ഓടിച്ചിട്ടു പിടിച്ച് നാട്ടുകാർ




പ്രതീകാത്മക ചിത്രം
 

കോട്ടയം: കള്ളു ഷാപ്പിൽ കയറി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കാറിൽ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തിരുവനന്തപുരം സ്വദേശികളായ ഇരുവരും പിടിയിലായത്. കുമരകം കണ്ണാടിച്ചാലിനു സമീപത്തെ ഷാപ്പിലാണു സംഭവം. 

ഇന്നലെയാണ് സംഭവം. ഷാപ്പിലെ പ്രത്യേക മുറിയിൽ ഇരുന്നു കരിമീൻ മപ്പാസും താറാവു കറിയും ഉൾപ്പെടെ ആയിരത്തിലേറെ രൂപയുടെ ഭക്ഷണം കഴിച്ചു. കാർ ഓടിച്ചിരുന്ന ആൾ ആദ്യം കൈ കഴുകി കാറിലിരുന്നു. ഷാപ്പിലെ ജീവനക്കാരൻ ബില്ലെടുക്കാൻ പോയ സമയം നോക്കി രണ്ടാമത്തെ ആളും കൈ കഴുകി കാറിൽ കയറി. ബില്ലുമായി വന്ന ജീവനക്കാരൻ കാർ വിട്ടു പോകുന്നതാണു കാണുന്നത്. 

സമീപത്തെ താറാവു കടക്കാരനോടു വിവരം പറഞ്ഞു കാർ തടയാൻ നോക്കിയെങ്കിലും വെട്ടിച്ചു കടന്നു പോയി. ഇതേത്തുടർന്ന് ജീവനക്കാർ ബൈക്കിൽ പിന്നാലെ വിട്ടു. ഇല്ലിക്കൽ ഷാപ്പിലെ ജീവനക്കാരെയും പരിചയക്കാരെയും ഫോണിൽ വിളിച്ചു വിവരം പറയുകയും ചെയ്തു. കാർ ഇല്ലിക്കൽ എത്തിയപ്പോഴേക്കും നാട്ടുകാർ തടഞ്ഞു.  

ഷാപ്പിലെ ജീവനക്കാരെത്തി പണം ചോദിച്ചെങ്കിലും പണം നൽകാൻ തയാറായില്ല. പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഇരുവരെയും സ്റ്റേഷനിലേക്കു കൊണ്ടു പോയി. പിന്നീട് ഗൂഗിൾ പേ വഴി പണം ഷാപ്പ് ഉടമയ്ക്കു നൽകി.

أحدث أقدم