പി ഡബ്ല്യുഡി ജീവനക്കാരൻ അജികുമാറിൻ്റെ കൊലപാതകം; അടിമുടി ദുരൂഹത...മുഖ്യപ്രതി സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന അജിത്ത്, ബിനുരാജ് എന്നിവര്‍ വാഹനമിടിച്ചു മരിച്ചു. അജിത്തിനെയും സജീവ് കൊലപ്പെടുത്തിയതായി പൊലീസ് സംശയിക്കുന്നു.





തിരുവനന്തപുരം വര്‍ക്കലയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്‍ അജികുമാറിനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കളെന്ന് പൊലീസ്. ഞായറാഴ്ച രാത്രി മദ്യപാനത്തിനിടെയാണ് കൊലപാതകം. മുഖ്യപ്രതി സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന അജിത്ത്, ബിനുരാജ് എന്നിവര്‍ വാഹനമിടിച്ചു മരിച്ചു. അജിത്തിനെയും സജീവ് കൊലപ്പെടുത്തിയതായി പൊലീസ് സംശയിക്കുന്നു. സംഘത്തിലുണ്ടായിരുന്ന ബിനുരാജ് ബസിന് മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ പത്രമിടാന്‍ വന്നയാളാണ് കസേരയ്ക്ക് സമീപം അജികുമാര്‍ മരിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. അജികുമാറിന്റെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. മുറിയില്‍ രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഭാര്യയുമായി പിണങ്ങി അജികുമാര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി സുഹൃത്തുക്കളെത്തി മദ്യപിച്ചിരുന്നെന്നും നാലഞ്ചുപേര്‍ ഉണ്ടായിരുന്നതായും അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. ബഹളം കേട്ടിരുന്നതായും സമീപവാസികള്‍ വ്യക്തമാക്കി

ഇതേത്തുടര്‍ന്ന് അജികുമാറിന്റെ സുഹൃത്തുക്കളായ ഒന്നുരണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തു. അതിനിടെ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ, മദ്യപാന സംഘത്തില്‍ ഉണ്ടായിരുന്ന പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന അജിത്ത്, മരിച്ച അജികുമാറിന്റെ വീടിന് രണ്ടുകിലോമീറ്റര്‍ അകലെ റോഡില്‍ വാഹനം ഇടിച്ച് കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ സജീവ് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതിനിടെ മൂന്നുമണിക്കൂര്‍ വ്യത്യാസത്തില്‍ മദ്യപസംഘത്തിലുണ്ടായിരുന്ന ബിനുരാജ് ബസ് ഇടിച്ചു മരിക്കുന്നത്. ബസിന് മുമ്പിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.
أحدث أقدم