ഒമിക്രോൺ ബാധിച്ചിരുന്നുവെന്ന് എങ്ങനെയെല്ലാം തിരിച്ചറിയാം ?വിശദമായി അറിയാം




കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നൊരു സാഹചര്യമാണ് നിലവില്‍ നാം കാണുന്നത്. പ്രത്യേകിച്ച്‌ കേരളം ഈ മൂന്നാം തരംഗത്തില്‍ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയിലാണ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
      വളരെ വ്യാപകമായി, കൂട്ടമായിത്തന്നെ കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്.
കൊവിഡ് രോഗം പരത്തുന്ന വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ കഴിവുള്ള 'ഡെല്‍റ്റ' എന്ന വകഭേദമായിരുന്നു രണ്ടാം തരംഗത്തിന് കാരണമായത്.
ഇതിനെക്കാളും മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുന്ന വകഭേദമാണ് ഒമിക്രോണ്‍. എന്നാല്‍ രോഗതീവ്രതയുടെ കാര്യത്തില്‍ അത്ര വലിയ ആശങ്ക ഒമിക്രോണ്‍ പരത്തുന്നില്ല. ജലോദഷപ്പനിയുടെതിന് സമാനമായ ലക്ഷണങ്ങളും വിഷമതകളുമാണ് മിക്കവരിലും ഒമിക്രോണ്‍ സൃഷ്ടിച്ചിട്ടുള്ളത്.
      അതുപോലെ തന്നെ ശ്വാസകോശത്തിനെ സാരമായി ബാധിക്കാത്തതിനാല്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യവും ഒമിക്രോണ്‍ കേസുകളില്‍ കുറവാണ്. ഇവയെല്ലാം ആശ്വാസത്തിന് വകയേകുന്നുണ്ടെങ്കിലും ആധികാരികമായി ഒമിക്രോണ്‍ അപകടകാരിയല്ലെന്ന് നമുക്കിപ്പോഴും പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.
നിരവധി പേര്‍ രോഗലക്ഷണങ്ങള്‍ കണ്ടിട്ടും പരിശോധിക്കാതെ വീട്ടില്‍ തന്നെ തുടര്‍ന്നിട്ടുണ്ട്. ഇപ്പോഴും തുടരുന്നുമുണ്ട്. പലരും തങ്ങള്‍ക്ക് കൊവിഡ് വന്നത് അറിയുന്നുമില്ല. എന്നാല്‍ ഒമിക്രോണ്‍ ബാധയുണ്ടായാല്‍ മിക്കവരിലും ചില ലക്ഷണങ്ങളിലൂടെ ഇതിനെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇത് എങ്ങനെയെല്ലാമെന്ന് നോക്കാം.
       'പനി, ചുമ, ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് പൊതുവില്‍ കൊവിഡ് ലക്ഷണങ്ങളായി വരാറ്. എന്നാല്‍ ഒമിക്രോണില്‍ തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, തളര്‍ച്ച, ശരീരവേദന എന്നീ ലക്ഷണങ്ങളാണ് പ്രധാനമായും കാണുക...'- യുകെയിലെ 'സൂ സിംപ്ടംസ് സ്റ്റഡി ആപ്പ്' മേധാവി പ്രൊഫസര്‍ ടിം സ്‌പെക്ടര്‍ പറയുന്നു.
      കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവോ എന്ന് പരിശോധിച്ചാല്‍ തന്നെ ഒമിക്രോണ്‍ ബാധയുണ്ടായോ എന്നത് തീര്‍ച്ചപ്പെടുത്താമെന്നാണ് ഇദ്ദേഹം പറയുന്നത്. അതുപോലെ ഒരാള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളെല്ലാം വന്നതിന് പിന്നാലെ അയാളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരിലെല്ലാം ഇതേ പ്രശ്‌നങ്ങള്‍ കാണുകയാണെങ്കില്‍ അതും ഒമിക്രോണ്‍ ആണെന്ന സൂചനയാണ് നല്‍കുന്നത്. കാര്യം, അത്രമാത്രം വേഗതയില്‍ വ്യാപിക്കുന്ന വകഭേദമാണിത്.
മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ഒമിക്രോണിന്റേതായി നമുക്ക് പരിശോധിക്കാവുന്നതാണ്. ഛര്‍ദ്ദി - വിശപ്പില്ലായ്മ- വയറിളക്കം പോലുള്ള ദഹനപ്രശ്‌നങ്ങള്‍, കാര്യമായ മുടി കൊഴിച്ചില്‍, കൈവിരലുകളിലോ കാല്‍വിരലുകളിലോ അസാധാരണമായ പാടുകളോ കുരുവോ വരുന്നത് എന്നിവയെല്ലാം ഒമിക്രോണിലേക്ക് സൂചന നല്‍കുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
أحدث أقدم