ലോട്ടറി വില്‍പനക്കാരനായ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.



കായംകുളം: ലോട്ടറി വില്‍പനക്കാരനായ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അവശനിലയിലായ ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുവ പടിഞ്ഞാറ് കൈതാനത്ത് രാഘവന്‍ പിള്ള (78) യെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പത്തിയൂര്‍ കശുവണ്ടി ഓഫീസിനു സമീപം ഫാന്‍സി ഷോപ്പ് നടത്തുന്ന എരുവ പടിഞ്ഞാറ് വിഷ്ണു ഭവനത്തില്‍ ബാബുവും മകന്‍ വിഷ്ണുവും ചേര്‍ന്നാണ് രാഘവന്‍ പിള്ളയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ രാഘവന്‍ പിള്ളയുടെ തോളെല്ലിന് പൊട്ടല്‍ സംഭവിച്ചു.

തലക്കും നെഞ്ചിനും സാരമായ ക്ഷതം സംഭവിച്ചതായി ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടു 6 മണിയോട് കൂടി പത്തിയൂര്‍ കശുവണ്ടി ഓഫീസ് പടിക്കല്‍ വെച്ചാണ് മര്‍ദ്ദിച്ചത്. അവിവാഹിതനും രോഗിയുമായ ഇയാള്‍ ലോട്ടറി ടിക്കറ്റ് വിറ്റാണ് നിത്യ ചിലവുകള്‍ നടത്തിയിരുന്നത്. മര്‍ദ്ദനത്തില്‍ രാഘവന്‍പിളള ശ്വാസതടസ്സവും മറ്റു അസ്വസ്ഥകളും പ്രകടപ്പിച്ചതിനാല്‍ മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രായാധിക്യവും ആരോഗ്യസ്ഥിതി മോശമായതിനാലും തോളെല്ലിന് ഓപ്പറേഷന്‍ നടത്താന്‍ കഴിയില്ലെന്നും ദീര്‍ഘനാളത്തെ ചികിത്സ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കരിയിലകുളങ്ങര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
أحدث أقدم