വാഷിംഗ്ടൺ ഡിസി : ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ വിഭാഗം മേധാവി സാനാവുള്ള ഗഫാരി (ഷഹാബ് അൽ മുജാഹിർ)യെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് യുഎസ്.
ഓഗസ്റ്റ് അവസാനം കാബൂൾ വിമാനത്താവളത്തിൽ ഐഎസ് നടത്തിയ സ്ഫോടനത്തിന് ഉത്തരവാദികളായവരെക്കുറിച്ച് വിവരം നല്കുന്നവർക്കും പാരിതോഷികം ലഭിക്കും.
പാശ്ചാത്യ സേനകൾ അഫ്ഗാനിസ്ഥാനിൽനിന്നു പിന്മാറുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 13 യുഎസ് സൈനികർ അടക്കം 183 പേരാണു മരിച്ചത്. ഗഫാരിയാണ് സൂത്രധാരനെന്നു കരുതുന്നു. അറബ് വംശജനെന്നു കരുതുന്ന ഇയാളെക്കുറിച്ച് പുറംലോകത്തിനു കാര്യമായ അറിവില്ല. മുന്പ് അൽക്വയ്ദ കമാൻഡറായിരുന്നുവെന്നും ഹാഖാനി തീവ്രവാദ ഗ്രൂപ്പിൽ അംഗമായിരുന്നുവെന്നും പറയപ്പെടുന്നു.