വിനോദ സഞ്ചാര മേഖലയിൽ പരസ്പരം സഹകരിക്കാൻ അബുദാബിയും കേരളവും.






അബുദാബി ; വിനോദ സഞ്ചാര മേഖലയിൽ പരസ്പരം സഹകരിക്കാൻ കൈക്കോർത്ത് അബുദാബിയും കേരളവും. 

യുഎഇയിൽ സന്ദർശനം നടത്തുന്ന സംസ്ഥാന വിനോദസഞ്ചാര-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അബുദാബി ടൂറിസം ഡിപ്പാർട്ട്‌മെന്റ് ചെയർമാനുമായി അബുദാബിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ അടുത്ത് തന്നെ ഒപ്പ് വെക്കാനും യോഗത്തിൽ തീരുമാനമായി.
അബുദാബി ടൂറിസം ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ മുഹമ്മദ് ഖലീഫയുമായാണ് മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തിയത്. ആഗോള വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ പ്രാധാന്യവും മഹിമയും മുഹമ്മദ് ഖലീഫക്ക് മന്ത്രി വിശദീകരിച്ചു നൽകി. കേരളത്തിന്റെ പച്ചപ്പും പ്രകൃതി ഭംഗിയും ആദിത്യ മര്യാദയുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. പരസ്പര സഹകരണം വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഉണർവ്വുണ്ടാക്കുമെന്നും കൊറോണയെ തുടർന്നുണ്ടായ അനിശ്ചിതാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. കൂടുതൽ സഞ്ചാരികളെ യുഎഇയിൽ നിന്നും പ്രത്യേകിച്ച് അബുദാബിയിൽ നിന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

വിനോദ സഞ്ചാര മേഖലയിൽ കേരളവുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് അബുദാബി ടൂറിസം ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കും വ്യക്തമാക്കി. കേരളം സന്ദർശിക്കാനുള്ള ക്ഷണവും അദ്ദേഹം സ്വീകരിച്ചു.


أحدث أقدم