സൗദിയിൽ കരാർ കമ്പനി റൂമിൽ പൂട്ടിയിട്ട മലയാളി വനിതയെ രക്ഷപ്പെടുത്തി


റിയാദ് : സൗദിയിൽ കരാർ കമ്പനി റൂമിൽ പൂട്ടിയിട്ട മലയാളി വനിതയെ ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. റിയാദിലെ മലസിലുള്ള ഒരു ഫ്ലാറ്റിൽ ദിവസങ്ങളായി പുറംലോകം കാണാൻ അനുവദിക്കാതെ പൂട്ടിയിടപ്പെട്ട കായംകുളം സ്വദേശിനിയാണ് നാടണഞ്ഞത്.

സൗദിയിൽ റഫ പട്ടണത്തിലുള്ള ഒരു കരാർ കമ്പനിയിൽ കഴിഞ്ഞ മൂന്ന് വർഷമായി ശുചീകരണ ജോലി ചെയ്‍തു വന്ന കായംകുളം സ്വദേശിനി കഴിഞ്ഞ മാസം നാട്ടിൽ പോകുന്നതിനായി കമ്പനി തന്നെ ഏർപ്പാടാക്കിയ വാഹനത്തിൽ റിയാദിൽ എത്തിയപ്പോഴാണ് ഫ്ലാറ്റിൽ പൂട്ടിയിട്ടത്.
കമ്പനി ജീവനക്കാരനായ ബംഗാളി ഡ്രൈവർ കമ്പനി അധികൃതരുടെ നിർദേശപ്രകാരം മലസിലുള്ള ഫ്ലാറ്റിൽ എത്തിച്ച് വളരെ കുറച്ച് ഭക്ഷണ സാധനങ്ങളും നൽകിയ ശേഷം അവിടെ പൂട്ടിയിട്ട് പോവുകയായിരുന്നു. പാസ്‍പോർട്ട് കമ്പനിയില്‍ ഇല്ല എന്ന് പറഞ്ഞാണ് അവരെ അവിടെ പൂട്ടിയിട്ടത്.
ഒരു മാസത്തോളമാണ് അവര്‍ക്ക് പുറംലോകം കാണാതെ അവിടെ കഴിയേണ്ടി വന്നത്. ഈ വിവരം അറിഞ്ഞ ഗോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) സൗദി ചാപ്റ്റർ പ്രസിഡന്‍റ് അബ്ദുൽ മജീദ് പൂളക്കാടി, സാമൂഹികപ്രവർത്തകനായ നിഹ്മത്തുല്ല വഴി ഇന്ത്യൻ എംബസിയിലെ കമ്യൂണിറ്റി വെൽഫെയർ കോൺസുലർ എം.ആർ. സജീവ്, ലേബർ അറ്റാഷെ ശ്യാം സുന്ദർ എന്നിവരെ ബന്ധപ്പെട്ട് വനിതയെ മോചിപ്പിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.

എംബസി അധികൃതർ കരാർ കമ്പനിയുമായി ബന്ധപ്പെട്ട് പ്രശ്‍ന പരിഹാരം ആവശ്യപ്പെട്ടു. പാസ്‍പോർട്ട് തങ്ങളുടെ പക്കലില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് കമ്പനി അധികൃതർ ആദ്യം ശ്രമിച്ചത്.
എംബസിയും സാമൂഹിക പ്രവർത്തകരും നിരന്തരം ഇടപെടുകയും അനന്തര നിയമ നടപടിക്കൊരുങ്ങുകയും ചെയ്തപ്പോൾ കമ്പനി അധികൃതർ വളരെ വേഗം തന്നെ പാസ്‍പോർട്ട് റിയാദിലെത്തിച്ച് അവരെ നാട്ടിലേക്ക് അയക്കാൻ തയാറാവുകയായിരുന്നു.
നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നാല് മാസത്തെ റീ - എൻട്രി വിസയും നൽകി നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. പ്രവാസി സാംസ്‍കാരിക വേദി പ്രവർത്തകരായ ഫൈസൽ കൊല്ലം, അഷ്‍ഫാഖ് കക്കോടി, ജി.കെ.പി.എ ഭാരവാഹികളായ കാദർ കൂത്തുപറമ്പ്, സുബൈർ കൊടുങ്ങല്ലൂർ, ജോജോ, സജീർ തുടങ്ങിയവരും സജീവമായി രംഗത്തുണ്ടായിരുന്നു.
أحدث أقدم