തിരുവനന്തപുരം: തന്റെ അറിവോടെയല്ല കെഎസ്ഇബി ചെയര്മാന് ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.
വൈദ്യുതി ബോര്‍ഡിലെ പ്രശ്നങ്ങളെ കുറിച്ച് ചെയര്മാന് ജനറലായിട്ട് ചിലത് പറഞ്ഞിട്ടുണ്ട്. ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് കെഎസ്ഇബിയില്‍ ശമ്പളം വര്‍ധിപ്പിച്ചതെന്ന് രേഖ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഊര്‍ജ്ജ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാറില്‍ ഹൈഡല്‍ ടൂറിസവുമായി ബന്ധപ്പെട്ട് ഭൂമി പലരുടെയും കൈയിലാണെന്ന് ചെയര്മാന് പറഞ്ഞിട്ടുണ്ട്. ടൂറിസത്തിന് ഭൂമി വിട്ടുനല്‍കിയത് കെഎസ്ഇബിയുടെ അനുമതിയില്ലാതെയാണ് എന്നാണ് അറിഞ്ഞത്. ഇക്കാര്യത്തില്‍ വസ്തുതകള്‍ പരിശോധിച്ച ശേഷമേ കൂടുതലായി പറയാന്‍ സാധിക്കൂ. തിരുവനന്തപുരത്തേയ്ക്ക് മുഖ്യമന്ത്രി വിളിപ്പിച്ചിട്ടുണ്ട് എന്ന ആരോപണവും കൃഷ്ണന്‍കുട്ടി നിഷേധിച്ചു.