പുതുപ്പള്ളിയിൽ എ ഗ്രൂപ്പിന്റെ രഹസ്യയോഗം: യോഗം ചേർന്നത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ;

കോട്ടയം പുതുപ്പള്ളിയിൽ എ ഗ്രൂപ്പിന്റെ രഹസ്യയോഗം: യോഗം ചേർന്നത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ; റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതിഷേധവുമായി മാധ്യമങ്ങൾ
കോട്ടയം: കോൺഗ്രസ് പുനസംഘടനാ പട്ടിക വരാനിരിക്കെ പുതുപ്പള്ളിയിൽ എ ഗ്രൂപ്പിന്റെ രഹസ്യയോഗം. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ നിബു ജോണിന്റെ നേതൃത്വത്തിലാണ് പുതുപ്പള്ളിയിൽ രഹസ്യയോഗം ചേർന്നത്. സംഭവം വിവാദമായതോടെ മാധ്യമപ്രവർത്തകർ സ്ഥലത്ത് എത്തിയെങ്കിലും, ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം കോൺഗ്രസ് പ്രവർത്തകർ ചേർന്നു തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. ഇതിനിടെ ഒരു വിഭാഗം മാധ്യമപ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇതേ തുടർന്ന് മാധ്യമപ്രവർത്തകർ മടങ്ങി.ബുധനാഴ്ച ഉച്ചയോടെയാണ് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ വീട്ടിൽ എഗ്രൂപ്പിലെ ഒരു വിഭാഗം പ്രവർത്തകർ ഗ്രൂപ്പ് യോഗം ചേർന്നത്. ഇതേ തുടർന്നു വിവരം അറിഞ്ഞ് മാധ്യമപ്രവർത്തകർ സ്ഥലത്ത് എത്തുകയായിരുന്നു. ഇതേ തുടർന്നു, ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തമ്പടിച്ചു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും, തടയുകയും ചെയ്തു. ഇതോടെ മാധ്യമങ്ങൾ മടങ്ങിപ്പോരുകയായിരുന്നു.കോൺഗ്രസിന്റെ പുനസംഘടന അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങൾ സജീവമായിട്ടുണ്ട്. ജില്ലയിലടക്കം എ ഗ്രൂപ്പിന് അർഹമായ പ്രാതിനിധ്യം ലഭിക്കില്ലെന്ന് ഗ്രൂപ്പിലെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തുടർനടപടികൾ ആലോചിക്കുന്നതിനായാണ് യോഗം ചേരുന്നതെന്നാണ് ലഭിക്കുന്ന സൂചന. ജില്ലയിലെ പുനസംഘടനയിൽ പുതുപ്പള്ളിയിൽ നിന്നടക്കം എ ഗ്രൂപ്പിന് അർഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ലെന്നാണ് പരാതി. ജില്ലാ കോൺഗ്രസ് കമ്മിറ്റി സമർപ്പിച്ച പുനസംഘടനാ പട്ടികയിൽ പോലും എഗ്രൂപ്പുകാരെയും, പുതുപ്പള്ളിയിൽ നിന്നുള്ളവരെയും പരിഗണിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ എ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നത്.
أحدث أقدم