കോടിയേരി വീണ്ടും സെക്രട്ടറി ; സംസ്ഥാന കമ്മിറ്റിയില്‍ 16 പുതുമുഖങ്ങള്‍; വി എൻ വാസവൻ, റിയാസ്, സ്വരാജ് സെക്രട്ടേറിയറ്റില്‍




കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. 

70 കാരനായ കോടിയേരി പൊളിറ്റ്ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ് 70 കാരനായ കോടിയേരി. 88 അംഗ സംസ്ഥാന കമ്മിറ്റിയേയും, 17 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളാണ്‌. എം എം വർഗീസ്‌, എ വി റസ്സൽ, ഇ എൻ സുരേഷ്‌ബാബു, സി വി വർഗീസ്‌, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്‌, കെ എസ്‌ സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്‌, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ്‌ പുതുതായി കമ്മിറ്റിയിലെത്തിയത്‌. സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളായി ജോണ്‍ ബ്രിട്ടാസിനേയും ബിജു കണ്ടകൈയേയും തീരുമാനിച്ചു.

വി എസ് പ്രത്യേക ക്ഷണിതാവ്

സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. സജി ചെറിയാൻ, വി എൻ വാസവൻ, എം സ്വരാജ്, ആനാവൂർ നാ​ഗപ്പൻ, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ പുതുതായി സെക്രട്ടേറിയറ്റിൽ ഇടംപിടിച്ചു. ഇളമരം കരീം, ബേബിജോൺ എന്നിവരെ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി. പ്രത്യേക ക്ഷണിതാക്കളായി വി എസ് അച്യുതാനന്ദനെ നിലനിർത്തി. വൈക്കം വിശ്വൻ, പി കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, എം എം മണി എന്നിവരാണ് പ്രത്യേകക്ഷണിതാക്കൾ.  

സംസ്ഥാന കമ്മിറ്റിയിൽ നിന്നും 12 പേർ കമ്മിറ്റിയിൽനിന്ന്‌ ഒഴിവായി. പി കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്‌, എം എം മണി, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, ജി സുധാകരൻ, കോലിയക്കോട്‌ കൃഷ്‌ണൻനായർ, സി പി നാരായണൻ, ജെയിംസ്‌ മാത്യൂ എന്നിവരാണ്‌ ഒഴിവായത്‌. 

أحدث أقدم