'കോൺ​ഗ്രസിന് കൂട്ടായ നേതൃത്വം വേണം, സമാന മനസ്കരോട് കൈകോർക്കണം'- നിർദ്ദേശവുമായി ജി23



ന്യൂഡല്‍ഹി: കോൺഗ്രസിന് കൂട്ടായ നേതൃത്വം കൂടിയേ തീരൂവെന്ന് പാ‍ർട്ടിയിലെ വിമതരുടെ കൂട്ടായ്മയായ ജി23. എല്ലാ തലത്തിലും കൂട്ടായ നേതൃത്വം രൂപീകരിച്ചാൽ മാത്രമേ ഇനി പാർട്ടിക്കൊരു തിരിച്ചുവരവുള്ളൂ എന്ന് ഇന്നലെ രാത്രി ഗുലാം നബി ആസാദിന്‍റെ വീട്ടിൽ ചേർന്ന ജി 23 നേതാക്കളുടെ യോഗം വിലയിരുത്തി. 

ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാനാണ് യോഗത്തിലെ തീരുമാനം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ജി 23 യോഗത്തിൽ നേതാക്കളുന്നയിച്ച പൊതുവികാരം ഇടക്കാല അധ്യക്ഷയെ അറിയിക്കാനാണ് കൂടിക്കാഴ്ച. കേരളത്തിൽ നിന്ന് ശശി തരൂരും പി ജെ കുര്യനും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. 

എല്ലാ തലങ്ങളിലും ആലോചിച്ചു വേണം കോൺഗ്രസിന്റെ നിർണായക തീരുമാനമെടുക്കാൻ. ബിജെപിക്ക് ബദലാകാൻ ക്രിയാത്മകമായി വളരെ വലിയൊരു ശക്തിയായി കോൺഗ്രസ് മാറേണ്ടതുണ്ട്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ സമാന മനസ്കരായ പാർട്ടികളുമായി ചർച്ച നടത്തണമെന്ന ആവശ്യവും ജി 23 നേതാക്കൾ മുന്നോട്ട് വെക്കുന്നുണ്ട്. 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇപ്പോഴേ അതിനുള്ള ഒരു പ്ലാറ്റ്‍ഫോം ഒരുക്കണം. അത് ജനങ്ങൾക്ക് വിശ്വാസ്യമായ ഒരു ബദലുമാകണം.

പ്രവർത്തകർ മാത്രമല്ല, പാർട്ടിയിൽ നിന്ന് നേതാക്കളും പലായനം ചെയ്യുന്ന സ്ഥിതിയാണെന്ന് ജി 23 നേതാക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അ‍ഞ്ച് സംസ്ഥാനങ്ങളിൽ കൂട്ടത്തോൽവിയുണ്ടായി. മുന്നോട്ടു പോകാൻ കൂട്ടായ നേതൃത്വവും പൊതുവായ തീരുമാനങ്ങളും എല്ലാ തലത്തിലും നടപ്പാക്കുക എന്ന ഒറ്റ വഴിയേ ഉള്ളൂ. ഇനി മുന്നോട്ടുള്ള നടപടികൾ ഉടനടി അറിയിക്കുമെന്ന് വ്യക്തമാക്കിയാണ് പ്രസ്താവന അവസാനിക്കുന്നത്. 

ഗുലാം നബി ആസാദിന്റെ വസതിതിയിൽ ചേർന്ന യോഗത്തിൽ 18 ജി 23 നേതാക്കളാണ് പങ്കെടുത്തത്. 5 മുൻ മുഖ്യമന്ത്രിമാർ 7 മുൻ കേന്ദ്ര മന്ത്രിമാരും ഇവരിൽ ഉൾപ്പെടും. 

കേരളത്തിൽ നിന്ന് ശശി തരൂർ എംപിക്കും പിജെ കുര്യനും പുറമേ, ദേശീയ തലത്തിൽ നിന്ന് ഗാന്ധി കുടുംബത്തിലെ വിശ്വസ്തനായ മണിശങ്കർ അയ്യരും യോഗത്തിനെത്തിയത് ശ്രദ്ധേയമായി.

 ഗുലാംനബി ആസാദ്, കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, പൃഥ്വിരാജ് ചൗഹാൻ, ഭൂപിന്ദർ സിംഗ് ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, രാജ് ബബ്ബർ, ശങ്കർ സിങ് വഗേല, എംഎ ഖാൻ, രാജേന്ദർ കൗർ ഭട്ടൽ, മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ മകനായ സന്ദീപ് ദീക്ഷിത്, കുൽദീപ് ശർമ, വിവേക് തൻഖ, ക്യാപ്റ്റൻ അമരീന്ദർ സിങിന്‍റെ ഭാര്യ പ്രണീത് കൗർ എന്നിവർ യോഗത്തിനെത്തി. 


أحدث أقدم