300 കോടി തട്ടിച്ച നേതാക്കന്മാരുടെ സ്വത്തിൽ തൊട്ടില്ല; വായ്പയെടുത്ത 23 പേർക്ക് ജപ്തി







തൃശൂർ : വായ്പാക്കുടിശികയുള്ള 23 പേരുടെ സ്വത്തുക്കൾ ഒന്നിച്ചു ജപ്തി ചെയ്തു ലേലത്തിൽ വിൽക്കാൻ നോട്ടിസിറക്കി കരുവന്നൂർ സഹകരണ ബാങ്ക്. 300 കോടിയോളം രൂപ ബാങ്കിൽനിന്നു തട്ടിച്ച സിപിഎം പ്രാദേശിക നേതാക്കള‍ിൽ ആരുടെയും സ്വത്ത് ലേലം ചെയ്യാൻ അധികൃതർ തയാറായിട്ടില്ലെന്നതിനാൽ പ്രദേശത്തു ജനരോഷം ഉയരുന്നുണ്ട്. എന്നാൽ, കൂടുതൽ തുകയുടെ വായ്പാക്കുടിശികയുള്ളവരുടെ സ്വത്ത് ലേലം ചെയ്യണമെന്നു വകുപ്പുതല നിർദേശമുള്ളതുകൊണ്ടു ചെയ്യുന്നുവെന്നാണു ബാങ്ക് അധികൃതരുടെ വാദം.

ഇരിങ്ങാലക്കുടയിലെ മാടായിക്കോണം, പൊറത്തിശേരി, ആറാട്ടുപുഴ, വേളൂക്കര, മനവലശേരി മേഖലകളിലായി 23 പേരുടെ സ്വത്തുക്കളാണ് ഏപ്രിൽ 12നു രാവിലെ 10നു ബാങ്കിന്റെ ഹെഡ് ഓഫിസിൽ ലേലം ചെയ്യാൻ പോകുന്നത്. 20 ലക്ഷം മുതൽ 3.5 കോടി വരെ കുടിശികയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. 50 ലക്ഷം രൂപയാണ് വ്യക്തിഗത വായ്പയ്ക്കുള്ള പരമാവധി പരിധിയെങ്കിലും ഇതിൽ പലർക്കും കോടികൾ വായ്പ ലഭിച്ചതെങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു.

കരുവന്നൂർ ബാങ്കിൽ നിക്ഷേപ–വായ്പാ തട്ടിപ്പ‍ുകളിലൂടെ 300 കോടിയോളം രൂപയുടെ വെട്ടിപ്പു നടന്നെന്നാണ് ഓഡിറ്റുകളിൽ കണ്ടെത്തിയത്. സഹകരണ വകുപ്പിന്റ ഉന്നതതല അന്വേഷണ സംഘം സ്ഥിരീകരിച്ചത് 227 കോടിയുടെ തട്ടിപ്പും. ബാങ്ക് കഴിഞ്ഞ 40 വർഷത്തിലേറെയായി ഭരിക്കുന്നത് സിപിഎം ആണ്. 

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പങ്കോടെയാണു തട്ടിപ്പുകളെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 12 അംഗ ഭരണസമിതിയിലെ എല്ലാവരും അറസ്റ്റിലായിരുന്നെങ്കിലും പിന്നീടു ജാമ്യം നേടി. ഭരണസമിതിക്കാർക്കു പുറമെ ബാങ്കിന്റെ മുൻ സെക്രട്ടറി, മാനേജർ, കമ്മിഷൻ ഏജന്റ്, ഇടനിലക്കാരൻ എന്നിങ്ങനെ മുഖ്യപ്രതികളെല്ലാം സിപിഎം പ്രാദേശിക നേതാക്കളോ ഭാരവാഹികളോ ആണ്.

തട്ടിപ്പിലൂടെ സ്വരൂപിച്ച പണം ഇവർ മൂന്നാറിലും മറ്റും റിസോർട്ട്, ഹോട്ടൽ, ഐടി ബിസിനസുകളിൽ നിക്ഷേപിച്ചെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇവയോരോന്നും കൃത്യമായി തിട്ടപ്പെടുത്തി ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇവ മരവിപ്പിക്കാൻ നടപടി സ്വീകരിച്ചതല്ലാതെ സ്വത്തുക്കൾ ഇതുവരെ ലേലം ചെയ്തു ബാങ്കിലേക്കു മുതൽക്കൂട്ടാൻ അധികൃതർ നടപടിയെടുത്തിട്ടില്ല. തട്ടിപ്പുകാരിൽനിന്നു കണ്ടുകെട്ടുന്ന പണം ഉപയോഗിച്ചുമാത്രം മുഴുവൻ നിക്ഷേപകരുടെയും നിക്ഷേപത്തുക മടക്കിക്കൊടുക്കാൻ ബാങ്കിനു കഴിയും. എന്നാൽ, പ്രാദേശിക നേതാക്കളെ തൊട‍ാൻ അധികൃതർക്കും മടിയാണ്.


أحدث أقدم